
പുതിയ ഹെക്ടര്‍ എസ്യുവിയെ എംജി അനാവരണം ചെയ്തു. മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. ജൂണ്‍ മാസത്തോടെ ഈ വാഹനം വിപണിയിലെത്തിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്യുവിയായാണ് ഹെക്ടര്‍ കടന്നുവരിക. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.
ആദ്യഘട്ടത്തില്‍ 65 ഡീലര്‍ഷിപ്പുകളിലൂടെയാണ് ഹെക്ടര്‍ പുറത്തെത്തുന്നത്. നാലു വകഭേദങ്ങളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കാനിരിക്കുന്നത്. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ ഹെക്ടറില്‍ അണിനിരക്കും. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് എന്നീ വമ്പന്മാര് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് മികച്ച മത്സരം സൃഷ്ടിക്കാനാണ് ഹെക്ടര്‍ കടുന്നുവരുന്നത്. ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ഹൈബ്രിഡ് ടെക്നോളജി പിന്തുണ പെട്രോള്‍ പതിപ്പുകള്‍ അവകാശപ്പെടും. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെയാണ് ഹെക്ടര്‍ എത്തുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്കോ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയില്‍ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.4 ഇഞ്ച് പോര്‍ട്രെയിറ്റ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ക്രോമിയം സ്റ്റഡുകള്‍ നല്കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവയെല്ലാം ഹെക്ടറിലുണ്ട്.






