
ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡലായ ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് പുറത്തിറങ്ങുമെന്ന് കമ്പനി. സുസുക്കി - ടൊയോട്ട കമ്പനികളുടെ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യവാഹനമാണ് ടൊയോട്ട ഗ്ലാന്‍സ. അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ബലേനൊയിലെ ക്യാബിന് തന്നെയാണ് ഗ്ലാന്‍സയിലും. സ്റ്റീയറിങ് വീലില്‍ ടൊയോട്ടയുടെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. വി, ജി എന്നീ രണ്ട് വകഭേദങ്ങളില്‍ മാത്രമായിരിക്കും ഗ്ലാന്‍സ ലഭ്യമാവുക.
ബലേനോയിലെ അതേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവ ഗ്ലാന്സയിലുമുണ്ട്. ബലേനോയിലെ അതേ അലോയി വീലുകളുമാണ് ഗ്ലാന്‍സയിലും. വലിപ്പത്തിലും ഡിസൈനിങ്ങിലും സൗകര്യത്തിലും ബലേനൊയ്ക്ക് തുല്യനായ വാഹനമാണ് ഗ്ലാന്‍സ. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് സുരക്ഷ ഒരുക്കുന്നുണ്ട്. മുന്നിലും പിന്നിലും ടൊയോട്ട ബാഡ്ജിങ്ങാണ് മാറ്റങ്ങളിലൊന്ന്.
ബ്ലാക്ക് ഗ്രില്ലിന് പകരം ക്രോമിയം ഫിനീഷ് ഗ്രില്ലും അതിന് മധ്യത്തില്‍ നല്‍കിയിട്ടുള്ള ടൊയോട്ടയുടെ ലോഗോയുമാണ് മുന്നിലെ മാറ്റം. ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്കിങ്ങുമാണ് പിന്നിലെ മാറ്റം. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഗ്ലാന്‍സ പുറത്തിറക്കുക. 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്നാണ് സൂചന. 5 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്സ്മിഷന് ഓപ്ഷന്.






