
കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ഉത്പാദനം സുസുക്കി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ഇതിന് മുമ്പ് യമഹയും ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരുന്നു. കമ്മ്യൂട്ടര്‍ ശ്രേണിയില്‍ നിന്ന് മാറി പ്രീമിയം/പെര്‍ഫോര്‍മെന്‍സ് ബൈക്ക് ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് സുസുക്കി വ്യക്തമാക്കി. 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ 2025 -മുതല്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ് കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ഉത്പാദനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി എത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 1.7 ലക്ഷം രൂപയെന്ന എക്സ്ഷോറൂം വിലയില്‍ ജിക്സര്‍ SF 250 -യെ സുസുക്കി വിപണിയിലെത്തിച്ചത്.
നിര്‍മ്മാണത്തില്‍ പുതിയ തന്ത്രം ആവിഷ്ക്കരിക്കുകയാണെന്നും ജിക്സര്‍ SF 250 -യ്ക്ക് ശേഷം കമ്പനി അവതരിപ്പിക്കുന്ന പുതിയ ബൈക്കുകളെല്ലാം തന്നെ 150 സിസിയ്ക്ക് മുകളിലുള്ളതായിരിക്കുമെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹന്‍ഡ അറിയിച്ചു. ബജാജ് പള്‍സര്‍ 220F, യമഹ ഫേസര്‍ 25 എന്നിവയില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയൊരു സ്പോര്‍ട്സ് ബൈക്ക് ശ്രേണി ഒരുക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസുക്കി ജിക്സര്‍ SF 155, സുസുക്കി ജിക്സര്‍ SF 250 എന്നിവയുള്‍പ്പെടെ പോയ വര്‍ഷം കമ്പനി അവതരിപ്പിച്ച ബൈക്കുകളെല്ലാം പെര്‍ഫോര്‍മന്‍സ് ശ്രേണിയിലുള്ളവയാണ്. ഉയര്‍ന്ന ശേഷിയുള്ള ഇരുചക്ര വാഹനങ്ങളായിരിക്കും ഭാവിയില്‍ കമ്പനി വില്‍പ്പനയ്ക്കെത്തിക്കുക. എല്ലാ വര്‍ഷവും രണ്ടു വീതം സ്കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും ഹന്‍ഡ അറിയിച്ചു.






