
ന്യൂഡല്‍ഹി: മന്ത്രിയായി തെരഞ്ഞെടുത്ത വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്നിന്നെത്തുന്ന ഫോണ്‍ കോളിനായി കാത്തിരിക്കുകയായിരുന്നു പല എം.പിമാരും. ആര്‍ക്കും ഒരു സൂചനയും നല്‍കാതെ അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തി നരേന്ദ്രമോഡിയും അമിത്ഷായും. എല്ലാം രഹസ്യമായതോടെ ടിവി ചാനലുകളും ഇരുട്ടില്‍തപ്പി. സത്യപ്രതിജ്ഞയ്ക്കു മണിക്കൂറുകള്‍ മുമ്പ് പോലും അമിത്ഷാ മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍പ്പോലും മുതിര്‍ന്ന നേതാക്കള്‍ പലര്‍ക്കും ഒരു ധാരണയുണ്ടായിരുന്നില്ല.
ഉച്ച പിന്നിട്ടിട്ടും അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വിളിയെത്താതിരുന്നതോടെ തഴയപ്പെടുമെന്ന് ഉറപ്പായി. പകരമാരെന്ന ചോദ്യത്തിന് മറുപടിയായി വി. മുരളീധരനു വിളിയെത്തിയത് മുന്നരയോടെ. തിരുവനന്തപുരത്ത്നിന്ന് ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ കുമ്മനം രാജശേഖരനു സത്യപ്രതിജ്ഞ കണ്ട് മടങ്ങാനായിരുന്നു വിധി. രാജ്യസഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപിയും ചാനലുകളുടെ സാധ്യതാ പട്ടികയില്‍ അവസാനനിമിഷം വരെ ഇടംപിടിച്ചിരുന്നു.
അമിത്ഷാ മന്ത്രിസഭയിലേക്കെത്തുമോ അതോ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരുമോയെന്നതിലായിരുന്നു അഭ്യൂഹം കനത്തത്. ബുധനാഴ്ച രാത്രിയോടെ അമിത്ഷായെ ''മന്ത്രിസഭയിലെടുത്ത'' ചാനലുകള്‍ ഇന്നലെ ഉച്ചയോടെ ഒഴിവാക്കി. പിന്നീട് െവെകിട്ടോടെ വീണ്ടും ''മന്ത്രിസഭയിലേക്കെടുത്തു''. ഇത്തരത്തില്‍ ആരൊക്കെ തുടരുമെന്നും ഒഴിവാക്കപ്പെടുമെന്നും അറിയാത്ത അനിശ്ചിതത്വമായിരുന്നു അവസാന നിമിഷം വരെ. ഇന്നലെ രാവിലെ രാജ്ഘട്ടിലും വാജ്പേയിയുടെ സ്മൃതി മന്ദിരത്തിലും പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പാര്‍ച്ചന നടത്തി. സ്മൃതിമന്ദിരത്തിലെ ചടങ്ങില്‍ എല്ലാ ബി.ജെ.പി. അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്നു ദേശീയ യുദ്ധ സ്മാരകത്തിലേക്ക് നിര്‍മലാ സീതാരാമനൊപ്പം മോഡിയെത്തി. ഇതിനുശേഷം അദ്ദേഹത്തിന്റെ വസതിയില്‍ അമിത്ഷാ എത്തി. ബുധനാഴ്ച അര്‍ദ്ധ രാത്രിവരെ നീണ്ട ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു അത്.
ഈ സമയം പുറത്ത് അഭ്യൂഹങ്ങളുടെ പ്രവാഹമായിരുന്നു. മന്ത്രിസ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി െവെകിട്ട് നാലിന് കൂടികാഴ്ചയും നിശ്ചയിച്ചിരുന്നു. ഫോണില്‍ തിരക്കില്ലാതെ വിളിക്കായി കാത്തുനിന്ന പലരും നിരാശരായിത്തുടങ്ങി. ഒടുവില്‍ എല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന രാഷ്ട്രപതി ഭവനിലേക്ക്; നറുക്ക് വീണവര്‍ക്ക് വിജയാവേശം കൂടിയെന്നതും യാഥാര്‍ഥ്യമാണ്.
രണ്ടാം മോഡി സര്‍ക്കാരില്‍ സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും ഉള്‍പ്പെടെ ആറു വനിതാ മന്ത്രിമാര്‍. ഒന്നാം മോഡി സര്‍ക്കാരില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അസാന്നിധ്യം ഈ മന്ത്രിസഭയുടെ നഷ്ടമാണ്. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാരിനെ അപേക്ഷിച്ച് വനിതാ മന്ത്രിമാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വനിതാ എം.പിമാരുടെ എണ്ണത്തില്‍ 17-ാം ലോക്സഭ മുമ്പിലാണ്. എട്ടു വനിതകളാണ് ഒന്നാം മോഡി മന്ത്രിസഭയിലുണ്ടായിരുന്നത്.
അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനിയാണ് വനിതാമന്ത്രിമാരിലെ താരം. സ്മൃതിയെക്കൂടാതെ നിര്‍മല സീതാരാമനും ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദലും ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരാണ്. രാജ്യത്തെ ആദ്യ പൂര്‍ണസമയ പ്രതിരോധമന്ത്രിയെന്ന പ്രത്യേകതയുമായാണു നിര്‍മലയുടെ രണ്ടാമൂഴം. ഇവര്‍ക്കു പുറമേ ഫത്തേപ്പുര്‍ എം.പി. സാധ്വി നിരഞ്ജന് ജ്യോതി(52), ഛത്തീസ്ഗഡിലെ സര്ഗുജയില്നിന്നുള്ള രേണുക സിങ് സരുത(55), ബംഗാളിലെ റായ്ഗഞ്ച് എംപി. ദേബാശ്രീ ചൗധരി(48) എന്നിവര്‍ സഹമന്ത്രിമാരാണ്. ഇതില്‍ രേണുകയും ദേബാശ്രീയും മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.






