തൃശൂര്‍: കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ പ്രിന്‍സിപ്പല്‍ യു.ജി.സിക്ക് റിപ്പോര്‍ട്ട് നല്കി. കവിതാ മോഷണത്തെക്കുറിച്ച് കോളജ് തലത്തില്‍ ഇതുവരരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പരാതി ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തതെന്ന് യു.ജി.സിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കവിതാ മോഷണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നേരത്തെ യു.ജി.സി നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം എല്ലാവരില്‍ നിന്നും അഭിപ്രായ ശേഖരണവും നടത്തിയ ശേഷമാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി ദീപാ നിശാന്തില് നിന്ന് നേരിട്ട് വിശദീകരണം തേടും.
കവി എസ്. കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലെ ഒരു കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ദീപ വിവാദത്തിലായത്. കലേഷ് ആദ്യം സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് ഡി.സി പുറത്തിറക്കിയ ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തില്‍ ഉഹപ്പെടുത്തുകയും ചെയ്ത കവിതയാണ് ദീപ സ്വന്തം പേരിലാക്കിയത്.
വിവാദമായപ്പോള്‍ കവിത തന്റേതാണെന്ന് അവകാശപ്പെട്ട ദീപ പിന്നീട് മോഷണമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.






