
ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ ആക്സസറികള്‍ പ്രഖ്യാപിച്ചു. ബജാജ് ഡോമിനറിനുവേണ്ടി പുണെ ആസ്ഥാനമായ ഓട്ടോലോഗ് ഡിസൈനാണ് ആക്സസറികള്‍ നിര്‍മ്മിക്കുന്നത്.
ആക്സസറികളുടെ ബുക്കിംഗ് ഓട്ടോലോഗ് ഡിസൈന്‍ സ്വീകരിച്ചുതുടങ്ങി. 985 രൂപ മുതല്‍ 3,680 രൂപ വരെയാണ് വിവിധ ആക്സസറികളുടെ വില.
റിപ്പോർട്ട് പ്രകാരം ആദ്യ അമ്പത് ഉപയോക്താക്കള്‍ക്ക് ഓട്ടോലോഗ് ഡിസൈന്‍ ഇരുപത് ശതമാനം വിലക്കിഴിവ് നല്‍കും. പില്യണ്‍ ബാക്ക്റെസ്റ്റ്, ടാങ്ക് ഗ്രിപ്പ്, സാഡില്‍ സ്റ്റേ, ടോപ് റാക്ക്, എന്ജിന് ബാഷ് പ്ലേറ്റ്, വിന്‍ഡ്സ്ക്രീന്‍ എന്നിവയാണ് വിവിധ ആക്സസറികള്‍. ടിന്റഡ്, ക്ലിയര്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ ഉയരമേറിയ വിന്‍ഡ്സ്ക്രീന്‍ ലഭിക്കും.
ഏപ്രില്‍ ആദ്യ വാരത്തിലാണ് 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചത്. ആക്സസറികള്‍ നിര്‍മ്മിക്കുന്നത് ഓട്ടോലോഗ് ഡിസൈന്‍ ആണെങ്കിലും ഡീലര്‍ഷിപ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഓരോ ആക്സസറിയുടെയും നിലവാരം ബജാജ് ഓട്ടോ പരിശോധിക്കുമെന്നാണ് സൂചന.
മുന്‍ഗാമിയേക്കാള്‍ മികച്ച സസ്പെന്ഷന് സംവിധാനം, കൂടുതല്‍ കരുത്ത്, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ഡോമിനര്‍ 400 വിപണിയിലെത്തിയത്. 373.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്സി എന്‍ജിനാണ് 2019 ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 39 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും നൽകും.






