
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടോമെന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായി ഡി.ജി.പി ലോക്നാഥ് ബഹ്റ. സമഗ്രമായ അന്വേഷണം കേസില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ പങ്കെന്ന് ഡി.ആര്.ഐയുടെ പ്രാഥമിക കണ്ടെത്തലുണ്ടായിരുന്നു. വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ ഇക്കൂട്ടര്‍ സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. തബലയുള്‍പ്പടെയുള്ള സംഗീത ഉപകരണങ്ങള്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായാണു കണ്ടെത്തല്‍.
അവതാരക എന്ന നിലയില്‍ ശ്രദ്ധേയായ ഗായിക, റിയാലിറ്റി ഷോകളിലൂടെ താരമായ യുവ സംഗീതസംവിധായകന്, സ്റ്റേജ്ഷോകളുടെ പിന്നണിയില്‍ സജീവമായ സിനിമാ സംഘടനയിലെ പ്രമുഖന് എന്നിവര്‍ നിരീക്ഷണത്തിലാണ്. സിനിമാമേഖലയിലേക്കും അന്വേഷണം നീണ്ടേക്കുമെന്ന് സൂചനയുണ്ട്.






