
മലയാള സിനിമകള്‍ക്ക് എത്തിപ്പിടിക്കാനാകാതിരുന്ന 100 കോടി ക്ലബ്ബ് ഒക്കെ ഇപ്പോള്‍ മറികടന്ന് കുതിക്കുകയാണ് ചിത്രങ്ങള്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു. മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മധുരരാജ നൂറ് കോടി പിന്നിട്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലി ചില ട്രോളുകളും ഇറങ്ങി. 100 കോടി വെറും തള്ളാണെന്നായിരുന്നു ട്രോളുകള്‍. ഈ വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.
'നൂറ് കോടി നേടി എന്ന കാര്യം ചുമ്മാ തള്ളിയതല്ല. 45 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 100 കോടി തികച്ചത്. ഇതെന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തള്ളാനും നുണ പറയാനും താല്‍പ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല. മമ്മൂക്ക ഇക്കാര്യം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോള്‍ 58 കോടി സിനിമ സ്വന്തമാക്കിയിരുന്നു. തള്ളാനായിരുന്നെങ്കില്‍ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ക്യത്യമായി കണക്കുകള്‍ ലഭിച്ചപ്പോള്‍ നൂറ് കോടി നേടിയ കാര്യം പങ്കുവച്ചത്.' നെല്‍സണ്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗം സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു.






