
ടൊയോട്ട - മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. നാലു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ഗ്ലാൻസയുടെ വില 7.29 രൂപ മുതലാണ് ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഗ്ലാന്‍സ മോഡല്‍ 8.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും.
രണ്ടു വകഭേദങ്ങളിലായി മാനുവൽ സിവിടി ഗിയർബോക്സുകളിലാണ് ഗ്ലാൻസ പുറത്തിറങ്ങിയത്. ബലേനൊയുടെ സീറ്റ, ആൽഫ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജി, വി മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്.
ആഗോള തലത്തില്‍ സുസുക്കിയും ടൊയോട്ടയും ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാരുതിയും ടൊയോട്ടയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ഗ്ലാന്‍സയിൽ പെട്രോള്‍ എഞ്ചിന് പതിപ്പുകള്‍ മാത്രമാണ് ഉള്ളത്. ബലെനോയിലെ രണ്ടു പെട്രോള്‍ എഞ്ചിനുകളും ഗ്ലാന്‍സ പങ്കിടും. പ്രാരംഭ ഗ്ലാന്‍സ G മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. 89 bhp കരുത്തും 113 Nm ടോർക്കും സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.
1.2 ലിറ്റര്‍ K12M എഞ്ചിന് ഉയര്‍ന്ന ഗ്ലാന്‍സ V മോഡലില്‍ തുടിക്കും. 82 bhp കരുത്തും 113 Nm ടോർക്കും പരമാവധി കുറിക്കാന്‍ എഞ്ചിന് പ്രാപ്തമാണ്. ഇതേസമയം, മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുടെ പിന്തുണ 1.2 ലിറ്റര്‍ K12M എഞ്ചിന് പതിപ്പിനില്ല.
ക്രോം ലൈനിങ്ങുള്ള ഗ്രിൽ ഒഴിവാക്കിയാൽ പരിഷ്കരിച്ച ബലേനൊയും ടൊയോട്ടയുടെ ഗ്ലാൻസയുമായി മുൻഭാഗത്തു കാര്യമായ വ്യത്യാസമേയില്ല. ഇരു മോഡലുകളിലും സമാന അലോയ് വീലാണ് ഉപയോഗിക്കുന്നത്. ടൊയോട്ട സ്മാര്‍ട്ട് പ്ലേകാസ്റ്റെന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ക്യാബിനില്‍ ശ്രദ്ധയാകര്‍ഷിക്കും.
7.0 ഇഞ്ച് വലുപ്പമുണ്ട് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയ്ക്ക്. ഫോളോ മീ ഹെഡ്ലാമ്പും പിന് പാര്‍ക്കിങ് ക്യാമറയുമാണ് ഉയര്‍ന്ന ഗ്ലാന്‍സ V മോഡല്‍ കൂടുതല്‍ അവകാശപ്പെടുക.






