
ഇക്കോസ്പോര്‍ട്ട് സബ്കോംപാക്റ്റ് എസ്യുവിയുടെ പുതുക്കിയ വില ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചു. 2019 മോഡല്‍ ഫോഡ് ഇക്കോസ്പോര്‍ട്ടിന്റെ ഡെല്‍ഹി എക്സ് ഷോറൂം വില 7.69 ലക്ഷം മുതല്‍ 11.33 ലക്ഷം രൂപ വരെയാണ്. വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,000 മുതല്‍ 57,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്.
ഹ്യുണ്ടായ് വെന്യൂ,മഹീന്ദ്ര എക്സ്യുവി 300 എന്നീ പുതിയ എതിരാളികള്‍ വന്നതോടെ സബ്കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ കടുത്ത മല്‍സരം കാരണമാണ് ഫോഡ് പുതിയ തീരുമാനങ്ങൾ എടുത്തത്. തണ്ടര്‍ എന്ന പുതിയ വേരിയന്റ് പുറത്തിറക്കിയും ട്രെന്‍ഡ് പ്ലസ്, സിഗ്നേച്ചര്‍ വേരിയന്റുകള്‍ ഒഴിവാക്കിയും ഫോഡ് ഇക്കോസ്പോര്‍ട്ടിന്റെ ലൈനപ്പ് പരിഷ്കരിക്കുകയും ചെയ്തു.
ഫോഡ് ഇക്കോസ്പോര്‍ട്ട് എസ്യുവിയുടെ വിവിധ വേരിയന്റുകളുടെ ഫീച്ചറുകളിലും മാറ്റം വരുത്തിയെന്നാണ് റിപ്പോർട്ട്. ഫ്രണ്ട് മാപ്പ് ലാംപുകളും ലഭിച്ചു. സ്പോര്‍ട്ടി അലോയ് പെഡലുകള്‍ നല്‍കിയില്ല. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇളംതവിട്ടുനിറത്തിലുള്ള ഇന്റീരിയര്‍ എന്നിവ ട്രെന്‍ഡ് വേരിയന്റില്‍ ഇപ്പോള്‍ നല്കിയിരിക്കുന്നു. ടൈറ്റാനിയം വേരിയന്റുകളിലും ഇളംതവിട്ടുനിറ തീമിലുള്ള ഇന്റീരിയര്‍ നല്കി.
കൂടുതൽ മാറ്റങ്ങള്‍ ടൈറ്റാനിയം പ്ലസ് വേരിയന്റുകളിലാണ്. ഇലക്ട്രിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് അപ്ഹോള്‍സ്റ്ററി എന്നിവയാണ് പരിഷ്കാരങ്ങള്‍. എന്നാൽ, ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിംഗ്, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ (ഫോഡ് സിങ്ക് 3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ), തുകല്‍ സീറ്റുകള്‍ എന്നിവയെല്ലാം ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍നിന്ന് ഒഴിവാക്കി. ഇനി ഇവയെല്ലാം ടോപ് സ്പെക് എസ് വേരിയന്റുകളില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.






