
പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വൈകിട്ട് നാലിന് പ്രഖ്യാപിക്കും. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഗ്രാമമുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, സാഞ്ജിയുടെ അനന്തരവന്റെ സുഹൃത്ത് ആനന്ദ് ദത്ത, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖറൗരിയ, സുരേന്ദര്‍ വര്‍മ്മ, പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി തെളിവ് നശിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് റാം, സബ് ഇന്‍സ്പെക്ടര്‍ പര്‍വേഷ് കുമാര്‍ എന്നിവരെയാണ് കോടതി കുറ്റാക്കാരായി കണ്ടെത്തിയത്.
സാഞ്ജി റാമിന്റെ മകനുംകേസിലെ രണ്ടാം പ്രതിയും കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നതുമായ വിശാലിനെയാണ് കോടതി വെറുതെ വിട്ടിരുന്നു. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് ജഡ്ജി തേജ്വിന്ദര്‍ സിംഗാണ് വിധി പറയുന്നത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും അതിനാല്‍ വധശിക്ഷ അടക്കമുള്ളവ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന് വാദം. ഒരു ന്യൂനപക്ഷ വിഭാഗത്തെ സമൂഹത്തില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കുന്നതിന് പ്രതികള്‍ ആസൂത്രണം ചെയ്തതാണ് കുറ്റകൃത്യമെന്നും ഈ പ്രതികള്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നുമാണ് പ്രോസിക്യുഷന്റെ നിലപാട്.
കേസില്‍ പ്രായപൂര്ത്തിയകാത്തയാള് അടക്കം എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ നടന്നിട്ടില്ല. പ്രായം സംബന്ധിച്ച ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ് പെണ്‍കുട്ടിയെ കത്വയില്‍ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തുള്ള ക്ഷേത്രത്തില്‍ നാലു ദിവസം ഒളിവില്‍ പാര്‍പ്പിച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.






