
പലവിധ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പ്രായമായവരെ കട്ടിലില്‍ തന്നെ കിടത്തുകയാണ് പതിവ്. ഇതില്‍ നിന്നൊരു മോചനമില്ലെന്നാണ് പൊതു ധാരണ. സ്ട്രോക്ക് പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായമായവരെ ശാരീരികമായി അവശരാക്കുന്നതിനൊപ്പം മാനസികമായും തളര്‍ത്തും.
പ്രായമായവരെ കൃത്യസമയത്ത് ചികിത്സിക്കുന്നതിനൊപ്പം സ്നേഹപൂര്‍വമായ പരിചരണം നല്‍കേണ്ടതും ആവശ്യമാണ്. ഫിസിയോതെറാപ്പിയിലൂടെ അവരുടെ ജീവിതസായാഹ്നത്തെ തിരികെപിടിക്കാം.
രോഗിയുടെ പ്രശ്നങ്ങളെ മനസിലാക്കി കൊണ്ട് ചികിത്സയ്ക്കൊപ്പം മുന്നേറാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഫിസിയോതെറാപ്പിയിലേക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ കൊണ്ടുവരാന്‍ സാധിക്കും. വ്യായാമത്തിലൂടെ ഏതു പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാമെന്നതിന്റെ തെളിവാണ് വാര്‍ധക്യത്തില്‍ ഫിസിയോതെറാപ്പിയിലൂടെ മോചനം നേടുന്നവര്‍.
തുടക്കത്തിലെ പ്രകടമാകുന്ന മാറ്റം
ഫിസിയോതെറാപ്പി ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെറിയ മാറ്റം പ്രകടമാകും. രോഗിയുടെ നേരിയ ചലനം പോലും ഈ മാറ്റത്തിനുദാഹരണമാണ്. പ്രതിദിനം വര്‍ധിച്ചുവരുന്ന സ്ട്രോക്ക് വയോധികരെ ആക്രമിക്കുന്ന പ്രധാന പ്രശ്നമാണ്.
എണ്‍പതുകള്‍ പിന്നിട്ടവര്‍ക്ക് വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ക്കൊപ്പം സ്ട്രോക്ക് കൂടിയുണ്ടായാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ വളരെ പ്രയാസമാണ്. സ്ട്രോക്കുണ്ടാകുന്ന 60 ശതമാനം വയോധികര്‍ക്കും ശരീരത്തിന്റെ വലതുഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്നു.
സ്ട്രോക്കിന്റെ തീവ്രതയ്ക്കനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും. ചലനശേഷിക്കൊപ്പം സംസാരശേഷിയും നഷ്ടമാകും. അവ്യക്തമായ സംസാരവും സ്പര്‍ശനശേഷി നഷ്ടമാകുന്നതും തീവ്രതയേറിയ സ്ട്രോക്കില്‍ സംഭവിക്കുന്നതാണ്. ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള സങ്കീര്‍ണതകള്‍ ഈ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടതായി വരും.
ഫിസിയോതെറാപ്പി രോഗിക്ക് 'പുനരുജ്ജീവന' മാണ് നല്‍കുന്നത്. രോഗിയുടെ ട്യൂബുകള്‍ നീക്കം ചെയ്തതിനുശേഷമാണ് ഫിസിയോതെറാപ്പി ആരംഭിക്കുന്നത്. ചലനശേഷി വീണ്ടെടുക്കാനുള്ള നിരന്തരമായ വ്യായാമങ്ങളാണ് ഫിസിയോതെറാപ്പിയുടെ ഓരോ ഘട്ടത്തിലും ചെയ്യുന്നത്. ലളിതമായ വ്യായാമങ്ങളില്‍ ആരംഭിച്ച് സങ്കീര്‍ണമായ വ്യായാമങ്ങളിലേക്ക് മാറുകയാണ് സ്ട്രോക്കുണ്ടായവരില് ചെയ്യുന്നത്.
ഓരോ ഘട്ടം കഴിയുമ്പോഴും സ്വയം ചെയ്യാനും ഇവര്‍ പരിചയിക്കും. വാര്‍ധക്യത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയവര്‍ക്കും സന്ധിമാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ക്കും ഞരമ്പുകള്‍ക്ക് ക്ഷതമേറ്റവര്‍ക്കും ചികിത്സയ്ക്കൊപ്പം തന്നെ ഫിസിയോതെറാപ്പി ചെയ്യുന്നത് ജോയിന്റുകള്‍ സാധാരണനിലയിലാകാനും ബാലന്‍സ് വീണ്ടെടുക്കാനും സഹായിക്കും.
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ 6 മാസത്തിനുള്ളിലും തീവ്രതയേറിയ ആരോഗ്യപ്രശ്നങ്ങള്‍ 1 വര്‍ഷത്തിനുള്ളിലും ഫിസിയോതെറാപ്പിയിലൂടെ പരിഹരിക്കാന്‍ കഴിയും. വാര്‍ധക്യത്തില്‍ ഫിസിയോതെറാപ്പി ചെയ്യുന്നതിലൂടെ 80 ശതമാനം മാറ്റമുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സുരക്ഷിതമായ വ്യായാമം
ശാരീരികമായും മാനസികമായും പല മാറ്റങ്ങള്‍ വാര്ധക്യകാലത്തുണ്ടാകും. പ്രത്യേകിച്ച,് ശരീരത്തിന് ധാരാളം പ്രയാസങ്ങളെ നേരിടേണ്ടി വരുന്ന ഘട്ടം കൂടിയാണിത്.
സ്വാഭാവികമായുണ്ടാകുന്ന ഈ മാറ്റങ്ങള്‍ അസ്ഥികളുടെയും മസിലുകളുടെയും ബലം കുറയ്ക്കുന്നു, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ധിക്കുന്നതിനു കാരണമാകുന്നു, ജോയിന്റുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നു ഇതിനെല്ലാം പുറമേ ഹാര്‍ട്ട് അറ്റാക്ക്, ഉയര്‍ന്ന രക്ത സമ്മര്‍ദം, സ്ട്രോക്ക്, ഡയബറ്റിസ്, ആര്ത്രൈറ്റിസ,് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ളവരെയും ഫിസിയോതെറാപ്പിയിലൂടെ നോര്‍മല്‍ ലെവലിലെത്തിക്കാം.
ശാസ്ത്രീയമായ അടിത്തറ ഫിസിയോതെറാപ്പിക്കുണ്ട്. രോഗാവസ്ഥയില്‍ നഷ്ടമായ ഓര്‍മ്മ പോലും തിരികെ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. ബോഡി സ്ട്രെങ്ത്, ബാലന്‍സ,് ശരീരം ചലിപ്പിക്കാനും വേദനയുടെ അളവുകുറയ്ക്കാനും ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും സാധിക്കും. രോഗത്തിന്റെ പ്രത്യാഘാതങ്ങളെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ഫിസിയോതെറാപ്പിയിലൂടെ ചെയ്യുന്നത്.
വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങളിലൂടെ ശാരീരികമായ വഴക്കവും ബാലന്‍സും തിരികെ ലഭിക്കുന്നു. സ്പൈനല്‍ ഇന്‍ജ്വറി, സ്ട്രോക്ക് തുടങ്ങിയവയുണ്ടായവര്ക്ക് 'വോക്ക് എയ്ഡ'് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ആരോഗ്യം തിരികെപിടിക്കാം.
ഫിസിയോതെറാപ്പിയിലെ ട്രീറ്റ്മെന്റുകള്‍
1. മസാജ്
ഒപ്പം നില്‍ക്കണം അവരുടെ കൂടെ
പ്രായമായവരെ ഫിസിയോതെറാപ്പിക്കു വിധേയമാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രീറ്റ്മെന്റിനിടയില്‍ സംഭവിക്കുന്ന ചെറിയൊരു വീഴ്ചപോലും ചിലപ്പോള്‍ അവരെ വന്‍ ദുരന്തത്തിലേക്ക് തള്ളിവിടും. പ്രത്യേകിച്ച് സ്ട്രോക്കുണ്ടായവര്ക്ക്. അവരുടെ ശാരീരികമായ ഓരോ ചലനവും നിരീക്ഷിച്ച് മാത്രമേ മുന്നോട്ട് നീങ്ങാവൂ. ലളിതമായ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാകണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാന്‍.
ഇവരെ പരിചരിക്കാന്‍ ഫിസിയോതെറാപ്പിസ്റ്റിനൊപ്പം തന്നെ കുടുംബാംഗങ്ങളും ശ്രമിക്കണം. പ്രായമായവരുടെ ഓരോ ചുവടിലും കൈത്താങ്ങായി കൂടെ നില്‍ക്കുന്നത് അവര്‍ക്ക് മാനസികമായ പ്രചോദനം നല്‍കും. ഇതിനുള്ള ക്ഷമയും വിവേകവും കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രോഗിയുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തിയതിനു ശേഷം മാത്രമേ എക്സര്‍സൈസുകള്‍ ആരംഭിക്കാവൂ.
2. ഒരിക്കലും നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിക്കരുത്. രോഗിയുടെ സഹകരണമാണ് പ്രധാനം.
3. ട്രീറ്റ്മെന്റിനിടയില്‍ ഉണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും രോഗിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. വീഴ്ചകളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. രോഗിയുടെ സ്ഥിതിയെ സംബന്ധിച്ച് ഡോക്ടറുമായി ഫിസിയോതെറാപ്പിസ്റ്റ് സംസാരിക്കുന്നതും ട്രീറ്റ്മെന്റ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
5. മരുന്നുകള്‍ കഴിക്കുന്നതും ഒഴിവാക്കുന്നതും ഡയറ്റ് കണ്ട്രോളിങ്ങുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക.
6. യന്ത്രമുപയോഗിച്ചു കൊണ്ടുള്ള തെറാപ്പികളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
കടപ്പാട്: - ജീസ്മോന് കെ. ജോസഫ്
ഫിസിയോതെറാപ്പിസ്റ്റ്