
മാരുതി സുസുകി ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. പ്രീമിയം ഹാച്ച്ബാക്കിനെ ഈ മാസം ആറിനാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം ഇപ്പോള്‍ ഒരു മാസത്തിലധികമാണ് ടൊയോട്ട ഗ്ലാന്‍സയുടെ വെയ്റ്റിംഗ് പിരീഡ്. 7.22 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ ഡെല്‍ഹി എക്സ് ഷോറൂം പ്രാരംഭ വില.
മോഡൽ ബുക്ക് ചെയ്താല്‍ ഡെലിവറി ചെയ്തുലഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ചില ടൊയോട്ട ഡീലര്‍മാര്‍ വ്യക്തമാക്കി. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്തതാണ് ടൊയോട്ട ഗ്ലാന്‍സ. ടൊയോട്ട-സുസുകി സംയുക്ത സംരംഭത്തില്‍നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് ഗ്ലാന്‍സ. കഫേ വൈറ്റ്, സ്പോര്‍ട്ടിംഗ് റെഡ്, ഇന്‍സ്റ്റാ ബ്ലൂ, ഗെയ്മിംഗ് ഗ്രേ, എന്റ്റൈസിംഗ് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ ലഭിക്കും. മൂന്ന് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റിയോടെയാണ് ടൊയോട്ട ഗ്ലാന്‍സ വരുന്നത്.
നാല് വേരിയന്റുകളില്‍ ജി-എംടി (മാന്വല്‍ ട്രാന്സ്മിഷന്) വേരിയന്റിനാണ് ഏറ്റവുമധികം ആവശ്യക്കാരെന്ന് ഡീലര്‍മാര്‍ പറഞ്ഞു. 23.87 കിലോമീറ്ററാണ് ഗ്ലാന്‍സ ജി-എംടിയില്‍നിന്ന് ലഭിക്കുന്ന ഇന്ധനക്ഷമത. ടോപ് സ്പെക് വി-സിവിടി വേരിയന്റിനും ഇതിന്റെ മാന്വല്‍ വേരിയന്റിനേക്കാള്‍ ഡിമാന്‍ഡ് കൂടുതലാണ്. എന്നാൽ, ടോപ് സ്പെക് ഓട്ടോമാറ്റിക് വേരിയന്റിന് രണ്ട് മാസത്തോളമാണ് വെയ്റ്റിംഗ് പിരീഡ്.
ഗ്ലാന്‍സയിൽ രണ്ട് പെട്രോള്‍ എന്‍ജിനുകളാണ്. 83 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ബിഎസ് 6 പെട്രോള്‍ എന്‍ജിനും മില്‍ഡ് ഹൈബ്രിഡില്‍ 90 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് ഉള്ളത്. 5 സ്പീഡ് മാനുവല്‍, സിവിടിയാണ് ട്രാന്സ്മിഷന് ഓപ്ഷന്. അതേസമയം ഗ്ലാന്‍സ ജി വേരിന്റില്‍ മാത്രമേ മില്‍ഡ് ഹൈബ്രിഡ് ലഭ്യമാകു.






