
മാരുതി സുസുകി ഡിസയറിന് ബിഎസ് 6 പെട്രോള്‍ എന്ജിന് നല്കി പരിഷ്കരിച്ചു. മാരുതി സുസുകി നിരയില്‍ ബിഎസ് 6 എന്ജിന് ലഭിക്കുന്ന നാലാമത്തെ വാഹനമാണ് ഡിസയര്‍. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനാണ് ലഭിക്കുന്നത്.
ഫേസ്ലിഫ്റ്റ് ചെയ്ത ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ 1.2 മോഡലുകളില്‍ ഈ ബിഎസ് 6 എന്ജിന് നേരത്തെ നല്‍കിയിരുന്നു. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ് എന്നിവ കൂടാതെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളാണ് ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയത്.
ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ 2020 ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തിലാകുന്നത്. ബിഎസ് 6 വരുന്നതോടെ എല്ലാ ഡീസല്‍ എന്‍ജിനുകളും ഉപേക്ഷിക്കുമെന്ന് മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഎസ് 6 പെട്രോള്‍ ഡിസയറിന് കരുത്തേകുന്നത് അതേ 1197 സിസി, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്.
ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ ഡിസയര്‍ ബിഎസ് 4 അനുസരിക്കുന്ന 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനാണ് തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) അഥവാ എഎംടി ഓപ്ഷണലായി ലഭിക്കും. പരിഷ്കാരങ്ങള്‍ വരുത്തിയതോടെ ഡിസയറിന്റെ വില വര്‍ധിച്ചു. 5.82 ലക്ഷം മുതല്‍ 9.57 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡെല്‍ഹി എക്സ് ഷോറൂം വില.






