
തിരുവനന്തപുരം : മൂത്തമകളുടെ വിവാഹവും ഇളയമകളുടെ വിവാഹനിശ്ചയവും ഒരുദിനം. ഇരുവര്‍ക്കും സ്നേഹസമ്മാനമായി നല്‍കുന്നത് അച്ഛന് എഴുതി സംഗീതം നല്കിയ പാട്ട്.
എ.ഡി.ജി.പി ടോമിന് തച്ചങ്കരിയുടെ പെണ്മക്കളുടെ വിവാഹച്ചടങ്ങിലാണ് ഈ പുതുമയുള്ള കൗതുകം. വരുന്ന ഞായറാഴ്ച കൊച്ചിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററിലാണു ചടങ്ങുകള്‍. തച്ചങ്കരിയുടെ മൂത്തമകള്‍ മേഘയുടെ വിവാഹവും ഇളയമകള്‍ കാവ്യയുടെ വിവാഹനിശ്ചയവുമാണ് നടക്കുന്നത്.
ഇരുവരും ബംഗളുരുവില്‍ എന്‍ജിനീയര്‍മാരാണ്. പ്രതിശ്രുതവരന്മാരും ബംഗളുരുവില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നു. മേഘയെ വിവാഹം ചെയ്യുന്നത് കോഴിക്കോട് ചേവായൂര്‍ കണിയാശേരിയില് രാജന്റെയും സരളയുടെയും മകന് ഗൗതമാണ്.
ഇരുവരും ബംഗളുരുവില്‍ ഒരേസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ജാതിയും മതവും പ്രശ്നമാക്കാതെ ഒന്നിക്കാന്‍ തീരുമാനിച്ച മകളുടെ ഇഷ്ടത്തിനു തച്ചങ്കരിയും അനിതയും എതിരുനിന്നില്ല. കാവ്യയുടെ വിവാഹനിശ്ചയം കൊച്ചിസ്വദേശികളായ ജോണ്‍ വടക്കേലിന്റെയും ലൂസിയുടെയും മകന് ക്രിസ്റ്റഫറുമായിട്ടാണ്. ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിതകരങ്ങളില്‍ ഏല്പിക്കുന്നു എന്നര്‍ഥം വരുന്ന ഗാനവും ആനന്ദക്കണ്ണാ നര്‍ത്തനമാടാന്‍ ഓടി വാ എന്ന മറ്റൊരു ഗാനവുമാണ് മക്കള്‍ക്ക് തച്ചങ്കരി വേറിട്ട വിവാഹസമ്മാനമായി നല്‍കുന്നത്.
എതിര്‍പ്പുകള്‍ വകവയ്ക്കാതെ മുന്നോട്ടു പോകാനായതിനും ജോലിയിലും ഭാര്യ അനിതയുടെ ആരോഗ്യസ്ഥിതിയിലുമുണ്ടായ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാനായതിനുമുള്ള നന്ദിസൂചകമായിക്കൂടിയാണ് തച്ചങ്കരി ഗാനാര്‍ച്ചന നടത്തുന്നത്. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ഗായകനും സംഗീതസംവിധായകനുമായി പ്രതിഭ തെളിയിച്ചിട്ടുണ്ട് ടോമിന് തച്ചങ്കരി. അദ്ദേഹം ചിട്ടപ്പെടുത്തിയ രക്ഷകാ എന്റെ പാപഭാരമെല്ലാം, കാല്‍വരിക്കുന്നിലെ കാരുണ്യമേ, ഇസ്രായേലിന് നാഥനായിവാഴും തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഏറെ പ്രസിദ്ധമാണ്.
എസ്. നാരായണന്






