അംബാല: കൃഷിയിറക്കാന്‍ പരോളിന് അനുമതി തേടി ദേര സച്ഛ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ്. സിര്‍സയിലെ വയലില്‍ കൃഷിയിറക്കാന്‍ 42 ദിവസത്തെ പരോള്‍ വേണമെന്നാണ് ഇയാളുടെ ആവശ്യം. ഹരിയാന ജയില്‍ വകുപ്പ് മന്ത്രി കൃഷ്ണന് ലാല്‍ പവാര്‍ ഗുര്‍മീതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിവാദ ആള്‍ദൈവം ജയിലില്‍ നല്ല നടപ്പുകാരനാണെന്ന് മന്ത്രി പറഞ്ഞു. പോലീസ് കമ്മീഷണറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
പരോള്‍ അപേക്ഷ സ്വീകരിച്ച സിര്‍സ പോലീസ് ഗുര്‍മീതിന് അപേക്ഷയില്‍ പറയുന്ന അളവില്‍ ഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അനുയായി ആയിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഗുര്‍മീത് റാം റഹീം. റോത്തക്കിലെ സുനാരിയ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
2017 ഓഗസ്റ്റ് 25നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി ശിക്ഷിച്ചത്. ശിക്ഷാവിധിയെ തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 36 പേര് കൊല്ലപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഈ വര്‍ഷം ജനുവരിയില്‍ ഗുര്‍മീത് റാം റഹീമിനെയും മറ്റ് മൂന്ന് പേരെയും ജീവപര്യന്ത്യം തടവിനും ശിക്ഷിച്ചിരുന്നു.






