
ഔഡി പുതിയ എസ്ക്യു8 എസ്യുവി അനാവരണം ചെയ്തു. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എംഎല്‍ബി പ്ലാറ്റ്ഫോമിലാണ് ഔഡി എസ്ക്യു8 നിര്‍മ്മിച്ചിരിക്കുന്നത്.
സില്‍വര്‍ ഫ്രെയിം ചെയ്ത പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ ഇന്‍ലെറ്റുകള്‍ എന്നിവ ഔഡി എസ്ക്യു8 എസ്യുവിയുടെ മുന്നില്‍ കാണാം. പിന്നിൽ കറുപ്പ് നിറത്തിലുള്ള പുതിയ ഡിഫ്യൂസര്‍, ക്വാഡ് (നാല്) എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.
ഔഡി എസ്ക്യു8 എസ്യുവിയില് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 4.0 ലിറ്റര്‍ വി8 ടര്‍ബോ-ഡീസല്‍ എന്ജിന് നല്കിയിരിക്കുന്നു. ഈ വി8 എന്ജിന് പരമാവധി 900 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് പുറപ്പെടുവിക്കും.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് ഒരുങ്ങുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സ്പോര്‍ട്ട് ഡിഫ്രന്‍ഷ്യല്‍, അഡാപ്റ്റീവ് എയര്‍ സസ്പെന്ഷന് എന്നിവ ഉള്‍പ്പെടുന്ന സസ്പെന്ഷന് പാക്കേജ് ഓപ്ഷണലായി നല്കിയിരിക്കുന്നു. വളവുകളില്‍ ബോഡി റോള്‍ കുറയ്ക്കുന്നതിന് ഇലക്ട്രോമെക്കാനിക്കല്‍ ആക്റ്റീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്ന ഫീച്ചര്‍ സഹായിക്കും.
എയര്‍ സസ്പെന്‍ഷനിലൂടെ എസ്ക്യു8 എസ്യുവിയുടെ റൈഡ് ഉയരം 90 എംഎം വരെ ക്രമീകരിക്കാന്‍ കഴിയും. ഓള് വീല്‍ സ്റ്റിയറിംഗ് ഓപ്ഷണലായി ലഭിക്കും.






