
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രം 'ഉണ്ട' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഹര്‍ഷാദ് പി. കെ. ഖാലിദ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന ഒന്‍പതംഗ കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട. ഈ സംഘത്തിന്റെ തലവനായ സബ് ഇന്‍സ്പെക്ടറായ സി.പി. മണികണ്ഠനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഇപ്പോള്‍ ചിത്രം കാണാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സംഘവും എത്തി. തിരുവനന്തപുരം ന്യൂ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നത്. ചിത്രത്തിന് നൂറില്‍ നൂറ് മാര്‍ക്കാണ് ഡിജിപി നല്‍കിയത്. വളരെ റിയലിസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.
ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥര്‍ സിനിമയിലെ സമാനമായ സാചര്യങ്ങള്‍ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങള്‍ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒട്ടും നാടകീയമല്ലാതെ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഉണ്ടയെന്നും, ഇത്തരം സാഹചര്യങ്ങളില്‍ ഓണ്‍ ദി സ്പോട്ട് തീരുമാനങ്ങള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അനുഭവങ്ങളുമായി സിനിമയ്ക്ക് ഏറെ സാമ്യമുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ ഇത് സാധാരണമാണെന്നും അവര്‍ വ്യക്തമാക്കി.






