
നസ്‌ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സിനിമയുടെ സത്യസന്ധതയെയും സംവിധായകന്റെ കാഴ്ചപ്പാടിനെയും അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
"ഇന്റർനെറ്റിനും സോഷ്യൽ മീഡിയയ്ക്കും ശേഷമുള്ള കാലത്തെ സിനിമാപ്രേമിയായ ഒരു സംവിധായകന്റെ സ്വപ്നതുല്യമായ സൃഷ്ടിയാണ് ഈ ചിത്രം. ഒരുപാട് സത്യങ്ങളും അതേപോലെ ആദർശങ്ങളും ഇതിലുണ്ട്. അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ ഭാവിയിൽ കൂടുതൽ മികച്ച സൃഷ്ടികൾ പുറത്തിറക്കുമെന്ന് തീർച്ചയാണ്. സിനിമാ മേഖലയിലെ യാഥാർത്ഥ്യങ്ങളെ അതേപടി അവതരിപ്പിക്കുമ്പോഴും, അതിൽ ഒളിപ്പിച്ചിരിക്കുന്ന ചെറിയൊരു റൊമാന്റിസിസം ചിത്രത്തിന് പ്രത്യേക ഭംഗി നൽകുന്നു. എനിക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു." അനുരാഗ് കശ്യപ് കുറിച്ചു.
ഒരു ഹൊറർ സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് 'മോളിവുഡ് ടൈംസ്' പറയുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സി'ന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നസ്‌ലനൊപ്പം റോഷൻ ഷാനവാസ്, അൽത്താഫ് സലിം, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ഗോപിക രമേശ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. ഇതിനോടകം തന്നെ സിനിമ വലിയ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.






