
ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ ബെക്ക് അവതരിപ്പിച്ചു. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഗുരുഗ്രാമിലെ ട്രെയ്നിങ് സെന്ററില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് 2019 ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ അവതരിപ്പിച്ചത്.
സ്റ്റാന്റേര്‍ഡ്, പ്രോ, പ്രോ എം സ്പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളാണ് പുതിയ എസ് 1000 ആര്ആറിനുള്ളത്. സ്റ്റാന്റേര്‍ഡിന് 18.50 ലക്ഷവും പ്രോയ്ക്ക് 20.95 ലക്ഷവും പ്രോ എം സ്പോര്ട്ടിന് 22.95 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ വഴി വാഹനത്തിനുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
റേസിങ് റെഡ്, ലൈറ്റ് വൈറ്റ്/ലൂപിന് ബ്ലൂ മെറ്റാലിക്/റേസിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് എസ് 1000 ആര്‍ആര്‍ ലഭ്യമാവുക. മുന്‍ മോഡലിനെക്കാള്‍ 11 കിലോഗ്രാം ഭാരം കുറവും വേഗത കൂടുതലുമാണ് 2019 എസ് 1000 ആര്‍ആറിന്. ബിഎംഡബ്ല്യു മോട്ടോറാഡ് എം പാക്കേജ് ആദ്യമായി നല്കുന്ന വാഹനവും ഇതാണ്.
സുഖകരമായ യാത്രയ്ക്ക് മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, ലോഞ്ച് കണ്ട്രോള്, വീലി കണ്ട്രോള് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. റെയ്ന്‍, റോഡ്, ഡൈനാമിക്, റേസ് എന്നീ നാല് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. പ്രോ ഓപ്ഷനില്‍ റേസ് മോഡ് 1-3 റൈഡിങ് മോഡുകളുമുണ്ട്.
സ്പോര്‍ട്ടി രൂപകല്പനയ്ക്കൊപ്പം പുതിയ ട്വിന്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഇന്‍ഡികേറ്റര്‍, റിവൈസ്ഡ് ഫെയറിങ്, 6.5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം ടെക്നോളിയോടെയാണ് പുതിയ എന്ജിന്. ചെറിയ സ്പീഡിലും മിഡില്‍ സ്പീഡിലും ഇതുവഴി വളരെ മികച്ച ടോര്‍ക്ക് ലഭിക്കും.
13500 ആര്‍പിഎമ്മില്‍ 203 ബിഎച്ച്പി പവറും 11000 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമേകുന്ന 998 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.






