
തിരുവനന്തപുരം: പാമ്പ് പിടുത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്. തനിക്കെതിരെയുള്ള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് തീരുമാനമെടുത്തത്. പിന്നാലെ നിരവധി പേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.
അതേസമയം സോഷ്യല്‍മീഡിയയില്‍ തനിക്കെതിരായ പരാമര്‍ശങ്ങളില്‍ നല്കിയ കേസുകളിലൊന്നും ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് ആരോപിച്ചു. പാമ്പുകളേക്കാള്‍ വിഷമുള്ള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും സുരേഷ് പ്രതികരിച്ചിരുന്നു.
സാധാരണക്കാരയ നിരവധി പേര്‍ക്ക് പാമ്പുപിടുത്തം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം തിരുത്തുന്നതെന്നും, തീരുമാനം അറിഞ്ഞ് നിരവധി പേര് പാമ്പുപിടുത്തം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടുവെന്നും സുരേഷ് പറഞ്ഞു. 29 വര്‍ഷമായി വാവ സുരേഷ് പാമ്പുപിടുത്തം തുടരുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാല ഉള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ചിട്ടുണ്ട്.






