
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വൻ തോതിൽ ലഹരി പിടികൂടിയ പെരുമ്പാവൂരിൽ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന അഭ്യന്ത്ര മന്ത്രി രമേഷശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലിക്ക് പൊരുമ്പാവൂരിൽ തുടക്കമായി. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പെരുമ്പാവൂരിൽ തന്നെ ജനകീയ ചെറുത്തു നിൽപ്പിന് തുടക്കം കുറിച്ചത്.
പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് ലഹരി വിരുദ്ധ ബഹുജന റാലി ആരംഭിച്ചു. തുടർന്ന് നഗര മധ്യത്തിൽ തൂഫാൻ പതാക ഉയർത്തി. ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മുഖാമുഖത്തിൽ വ്യാപാരി- വ്യവസായികൾ, സാമുദായിക, സാമൂഹിക നേതാക്കൾ, ലഹരി വിരുദ്ധ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരുമായി മുഖാമുഖം. വൈകിട്ട് 5ന് ഭായ് കോളനി എന്നറിയപ്പെടുന്ന കണ്ടന്തറയിൽ എത്തി തദ്ദേശ വാസികളോടും അതിഥി തൊഴിലാളികളോടും കൂടിക്കാഴ്ച നടത്തും.
അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.






