ന്യൂഡല്‍ഹി: വ്യോമസേനാ വിമാനം തകര്‍ന്നുവീണ സ്ഥലത്ത് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പോയി കുടുങ്ങിയ സംഘത്തെ വിമാനമാര്‍ഗം രക്ഷിച്ചു. വ്യോമസേനയുടെ എ.എന്‍ 32 വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രണ്ടാഴ്ചയിലേറെയായി കുടുങ്ങിക്കിടന്ന 15 അംഗ സംഘത്തെയാണ് രക്ഷിച്ചത്. എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും നാല് കരസേനാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും അടങ്ങുന്ന സംഘത്തെയാണ് രക്ഷിച്ചത്. ഇവരെ വൈകിട്ട് അഞ്ചേകാലോടെ വിമാനമാര്‍ഗമാണ് പുറത്തെത്തിച്ചത്.
വ്യോമസേനയുടെ എംഐ 17വി5 വിമാനമാര്‍ഗമാണ് സംഘത്തെ പുറത്തെത്തിച്ചത്. ജൂണ്‍ 12ന് സ്ഥലത്തെത്തിയ സംഘം ദിവസങ്ങളായി അവിടെ കുടുങ്ങിയിരിക്കുകയായിരുന്നു. എ.എന്‍ 32 വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാനാണ് സംഘം സ്ഥലത്ത് എത്തിയത്. എന്നാല്‍ രക്ഷാദൗത്യവുമായി എത്തിയ സംഘവും അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് വ്യോമസേന അറിയിച്ചു.
ജൂണ്‍ മൂന്നിനാണ് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷം ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ട വിമാനം കൊടുംവനത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിനൊടുവില്‍ ജൂണ്‍ 11നാണ് തകര്‍ന്നുവീണ വിമാനം കണ്ടെത്താനായത്. വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികളടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു.






