
ഔഡിയുടെ ഇലക്ട്രിക് കാര്‍ ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇ-ട്രോള്‍ ആഗോളവിപണിയില്‍ അരങ്ങേറിയത്. ഇക്കൊല്ലം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇ-ട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തിക്കാനാണ് ഔഡി ഒരുങ്ങുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇ - ട്രോണിന് ഒരു കോടിയോളം രൂപ ആയിരിക്കുമെന്നാണ് സൂചന.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാന്‍ ഇ-ട്രോണിന് സാധിക്കും. ഇ-ട്രോണില്‍ 95 കിലോവാട്ട് ഔവ്വര്‍ ബാറ്ററി പായ്ക്കാണ് ഔഡി ലഭ്യമാക്കുന്നത്. സാധാരണ എ സി ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചു കാറിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലര മുതല്‍ എട്ടര മണിക്കൂര്‍ വരെ സമയമെടുക്കും, അതേസമയം ഡി സി അതിവേഗ ചാര്ജറില് അര മണിക്കൂറില്‍ ഈ ബാറ്ററി ചാര്‍ജ് ചെയ്യാനാവും. ഔഡിയുടെ ക്വാട്രോ ഓള് വീല്‍ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന കാറില്‍ മെക്കാനിക്കല്‍ ഗീയറുകള്‍ക്കു പകരം വീലുകളിലേക്കുള്ള കരുത്തിനെ നിയന്ത്രിക്കുന്നത് ഇലക്ട്രോണിക് സംവിധാനമാണ്. ഇ - ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായി ഔഡി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഓരോ ആക്സിലിലും ഓരോ മോട്ടോര്‍ എന്ന കണക്കില്‍ രണ്ടു വൈദ്യുത മോട്ടോറുകളാണ് ഇ-ട്രോണിനു കരുത്തേകുന്നത്. മൊത്തം 360 പി എസ് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ ഇ - ട്രോണിനു 6.6 സെക്കന്‍ഡ് മതിയെന്നാണ് ഔഡി പറയുന്നത്. ഇതിനു പുറമെ ഓട്ടമാറ്റിക് ബൂസ്റ്റ് മോഡും ഈ എസ് യു വിയിലുണ്ട്. അധികമായി 48 പി എസ് കരുത്തും 103 എന്‍ എം ടോര്‍ക്കുമാണ് ഈ മോഡില്‍ ലഭിക്കുക. ഇതോടെ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വേണ്ട സമയം 5.7 സെക്കന്‍ഡായി കുറയുമെന്നും ഔഡി വിശദീകരിക്കുന്നു.






