
ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാല സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ 87കാരിയായ ആരാധിക. ചാരുലത പട്ടേലെന്ന മുത്തശിയാണ് പ്രായത്തിന്റെ അവശതകൾ ഇല്ലാതെ നീലപ്പടയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരം ജയിച്ചതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും രോഹിത് ശർമയും ചേർന്ന് ആരാധികയെ നേരിൽ കണ്ടിരുന്നു.
ഇപ്പൊഴിതാ മുത്തശിക്കായി ഇനിയുള്ള ഇന്ത്യയുടെ മാച്ച് കാണാൻ സൗജന്യ ടിക്കറ്റ് ഓഫർ ചെയ്തിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ ആനന്ദ് മഹീന്ദ്ര. ഇന്ത്യയുടെ വിജയത്തിനു ശേഷം കളിയിൽ ജയിച്ചത് അവരാണെന്നു തോന്നും ആ മുത്തശിയുടെ മുഖത്തെ സന്തോഷം കണ്ടാലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
'ക്രിക്കറ്റ് ആരാധകനായ ഞാന്‍ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയുടെ കളി ടിവിയില്‍ കാണാതെ സ്കോര്‍ മാത്രം അറിയുന്നതാണ് പതിവ്. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ കുറച്ചുസമയം ടിവി കാണാനിടയായി. അപ്പോഴാണ് സ്ക്രീനില്‍ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന മുത്തശ്ശി കൗതുകമുണര്‍ത്തിയത്'- ആനന്ദ് മഹീന്ദ്ര പറഞ്ഞു.






