
ബിഗ് ബോസ് താരമായ വനിത വിജയകുമാര്‍ മകളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ വനിതയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് വനിതയുടെ അഭിഭാഷകനാണ്. പരാതി വ്യാജമാണെന്നാണ് അഭിഭാഷകന് പറയുന്നത്. മാത്രമല്ല കുട്ടിക്ക് അച്ഛനോടൊപ്പം താമസിക്കാന്‍ താത്പര്യമില്ല, അതിനാലാണ് ചെന്നൈയില്‍ താമസിപ്പിച്ചിരിക്കുന്നതെന്നും വനിതയുടെ അഭിഭാഷകന് പറഞ്ഞു.
അച്ഛന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ എത്തി അപമര്യാദയായി പെരുമാറിയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയോടൊപ്പം കുട്ടി സുരക്ഷിതയാണെന്നും ചെന്നൈയില്‍ ജീവിക്കാനാണ് താല്പര്യമെന്നും അഭിഭാഷകന് പറയുന്നു.
വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് കുട്ടിയ തട്ടിക്കൊണ്ടു പോയെന്ന് തെലുങ്കാന പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന വനിതയെ കഴിഞ്ഞ ദിവസം ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തി തെലങ്കാന പോലീസ് ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടിലെത്തി മകളുടെ മൊഴിയും പൊലീസ് എടുത്തു.
ആനന്ദരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറിയിരുന്നതായും മകള്‍ പറഞ്ഞു. വീട്ടില്‍ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയില്‍ വച്ച് ഉപദ്രവിച്ചു. പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയോടൊപ്പം കുട്ടി സുരക്ഷിതയാണ്. അവള്‍ക്ക് ചെന്നൈയില്‍ ജീവിക്കാനാണ് താല്പര്യം. വനിത മകളെ തട്ടിക്കൊണ്ടു വന്നതല്ല. തിരിച്ചു പോകാന്‍ തയ്യാറല്ലെന്ന് കുട്ടി പറഞ്ഞപ്പോള്‍ അവളെ ഹൈദരാബാദിലേക്ക് പറഞ്ഞയച്ചില്ല എന്ന് മാത്രം. പോലീസിനും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും അഭിഭാഷകന് വ്യക്തമാക്കി.






