
തിരുവനന്തപുരം : കൈവിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പ്രതി പോലീസിനെ തള്ളി വീഴ്ത്തി മുറിയിലിട്ട് പൂട്ടിയ ശേഷം രക്ഷപെട്ടു. ബൈക്ക് മോഷണ കേസ് പ്രതി കാട്ടാക്കട്ട തൂങ്ങാംപാറ സ്വദേശി സെബിന് സ്റ്റാലിനാണ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിദഗ്ധമായി രക്ഷപെട്ടത്.
ബൈക്ക് മോഷണക്കേസ് പ്രതിയാണ് ഇയാള്‍. എം.ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലയുണ്ടായിരുന്ന സിവില്‍ പോലീസര്‍ അനില്‍ കുമാറിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപെട്ടത്. ഓട്ടത്തിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുകയും ചെയ്തു. തുടര്‍ന്ന് മതില് ചാടി രക്ഷപെടുകയായിരുന്നു.
പാറാവിനുണ്ടായിരുന്ന വനിതാ പോലീസുകാര്‍ ശബ്ദം കേട്ട് ഓടി എത്തിയപ്പോഴേയ്ക്കും സെബിന് കടന്നുകളഞ്ഞിരുന്നു. സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പട്രോളിങ് ഡ്യൂട്ടിയില്‍ ആയിരുന്ന സമയത്തായിരുന്നു ഈ കബളിപ്പിക്കല്‍. ക്രൈം ബ്രാഞ്ച് വിഭാഗത്തില്‍ ഏതാനും പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.
ചെരിപ്പിടാതെ ഒരാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി അരിസ്റ്റോ ജങ്ഷനിലേയ്ക്ക് പോകുന്നത് കണ്ടതായി സമീപത്തെ ജ്യൂസ് കടക്കാരനും ഹോട്ടലിലെ സെക്യുരിറ്റിയും പോലീസിനെ അറിയിച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ സെബിന് സ്റ്റാലില്‍ ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവിയില്‍ പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
മാറന്നല്ലൂരിലെ വീട്ടില്‍ എത്തിയ ഇയാളെ വീട് വളഞ്ഞാണ് പോലീസ് പിടികൂടിയത്. മൂന്ന് ബുള്ളറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു.






