
ജൂണ്‍ മാസത്തെ വില്പനയില് സബ് കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മാരുതി സുസുക്കി ബ്രെസ. കഴിഞ്ഞ മാസം 8,871 യൂണിറ്റ് ബ്രെസ വിറ്റഴിച്ചാണ് മാരുതി ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണിലുള്ളതിനെക്കാള് 17.19 ശതമാനം വില്പന കുറവാണ് ബ്രെസയ്ക്ക്.
ഹ്യുണ്ടായുടെ ഏറ്റവും പുതിയ മോഡലായ വെന്യുവാണ് രണ്ടാം സ്ഥാനത്ത്. ആകെ 8,763 യൂണിറ്റ് വെന്യുവാണ് കഴിഞ്ഞ മാസം ഹ്യുണ്ടായ് വിറ്റഴിച്ചത്. മൂന്നാം സ്ഥാനത്ത് മഹീന്ദ്ര എക്സ്യുവി 300 മോഡലാണ്. കഴിഞ്ഞ മാസം 4,769 XUV 300 കമ്പനി വിറ്റഴിച്ചു. ബ്രെസയുടെ വില്പന കണക്കുമായി 108 യൂണിറ്റിന്റെ വ്യത്യാസം മാത്രമാണ് പുതിയ വെന്യുവിനുള്ളത്. വെന്യുവിന് ഇതിനോടകം 35000 ത്തിലേറെ ബുക്കിങ്ങും ലഭിച്ചിട്ടുണ്ട്.
നാലും അഞ്ചും സ്ഥാനത്ത് ടാറ്റ നെക്സോണും ഫോര്‍ഡ് എക്കോസ്പോര്ട്ടും ആണ്. 4170 യൂണിറ്റാണ് ടാറ്റ നെക്സോണ്‍ വിറ്റഴിച്ചത്. 3254 യൂണിറ്റാണ് ഫോര്‍ഡ് എക്കോസ്പോര്‍ട്ട് വിറ്റത്. ഹോണ്ട ബിആര്‍വി, മഹീന്ദ്ര ടിയുവി 300 എന്നിവ യഥാക്രം 1268, 1210 യൂണിറ്റുകള്‍ വിറ്റഴിച്ച് ആറും ഏഴും സ്ഥാനത്തെത്തി.






