
ഔഡി ഇ-ട്രോണ്‍ യൂറോ എന്‍കാപ് (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി. ഔഡിയുടെ ആദ്യ ഓള് ഇലക്ട്രിക് കാറാണ് ഓള് വീല്‍ ഡ്രൈവ് വാഹനമായ ഇ-ട്രോണ്‍ എസ്യുവി. ഔഡി ഇ-ട്രോണ്‍ ജൂലൈ 12 ന് ഇന്ത്യയില്‍ അനാവരണം ചെയ്യുകയാണ്. ഈ വര്‍ഷംതന്നെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. 1.2 കോടി രൂപയായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ സ്പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറാണ് (ഔഡി ഇ-ട്രോണ്‍ 55 ക്വാട്രോ) ഇടി പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഔഡി ഇ-ട്രോണിന് മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 38 ല്‍ 34.9 പോയന്റ് നേടാന്‍ സാധിച്ചു. ഇതുവഴി 91 ശതമാനം സ്കോര്‍ നേടി. കാല്‍നടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് 71 ശതമാനം സ്കോറാണ് നേടിയത്. ഫ്രണ്ടല്‍ ഓഫ്സെറ്റ് രീതിയില്‍ ഇടിച്ചുനോക്കിയപ്പോള് എസ്യുവിയുടെ പാസഞ്ചര്‍ കംപാര്‍ട്ട്മെന്റിന് കേടുപാട് സംഭവിച്ചില്ലെന്ന് സുരക്ഷാ പരിശോധനാ ഏജന്‍സിയായ യൂറോ എന്‍കാപ് വ്യക്തമാക്കി. ഡ്രൈവറുടെയും യാത്രക്കാരന്റെയും പാവകള്‍ (ഡമ്മി) പരിശോധിച്ചുനോക്കിയപ്പോള്‍ കാല്‍മുട്ടുകള്‍ക്കും തുടയെല്ലുകള്‍ക്കും നല്ല സുരക്ഷയാണ് ലഭിച്ചത്. നട്ടെല്ലിന് ക്ഷതം സംഭവിക്കാന്‍ സാധ്യത കുറവാണ്. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 85 ശതമാനം സ്കോര്‍ നേടാന്‍ കഴിഞ്ഞു. ഐസോഫിക്സ് ചൈല്‍ഡ് റിസ്ട്രെയ്ന്റ് സംവിധാനം സ്റ്റാന്‍ഡേഡായി ഒരുക്കിയിട്ടിട്ടുണ്ട്.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഔഡി ഇ-ട്രോണ്‍ എസ്യുവിക്ക് കരുത്തേകുന്നത് 95 കിലോവാട്ട്അവര്‍ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയണ്‍ ബാറ്ററിയാണ്. ഓരോ ആക്സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിട്ടുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് ആകെ 265 കിലോവാട്ട് കരുത്തും 561 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.






