
ബല്‍ബീര്‍ സിംഗ് ധില്ലനെ ഇന്ത്യയിലെ പുതിയ ഔഡി മേധാവിയായി നിയമിച്ചു. നിലവില്‍ ഡീലര്‍ ഡെവലപ്മെന്റ് വിഭാഗം തലവനായ ധില്ലന് രാഹില്‍ അന്‍സാരിക്ക് പകരമാണ് നിയോഗിക്കപ്പെടുന്നത്. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ബല്‍ബീര്‍ സിംഗ് ധില്ലന് ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 23 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ്. ഔഡി മിഡില്‍ ഈസ്റ്റ്, പോര്‍ഷെ ഇന്ത്യ, ഹോണ്ട ഇന്ത്യ എന്നിവയിലും ബല്‍ബീല്‍ സിംഗ് ധില്ലന് നേരത്ത ജോലിയെടുത്തിരുന്നു. 2007 മുതല്‍ 2012 വരെ ഇന്ത്യയിലെ ഔഡിയില്‍ പ്രവര്‍ത്തിച്ച ധില്ലന് 2018 ജൂലൈയിലാണ് തിരികെയെത്തിയത്.
2017 ഫെബ്രുവരിയിലാണ് രാഹില്‍ അന്‍സാരി ഔഡി ഇന്ത്യയില്‍ ചേര്‍ന്നത്. ഇനി ഔഡിയുടെ ജര്‍മ്മനിയിലെ ഇങ്ഗോല്ഷ്റ്റാറ്റ് ആസ്ഥാനത്ത് സുപ്രധാന തസ്തികയില്‍ അദ്ദേഹം പ്രവര്‍ത്തിക്കും. ധനകാര്യ വിഭാഗത്തില്‍ സെന്‍ട്രല്‍ സെയില്‍സ് കണ്ട്രോളിംഗ് (ഗ്ലോബല്‍) സീനിയര്‍ ഡയറക്റ്റര്‍ എന്ന പദവിയാണ് റാഹില്‍ അന്‍സാരിക്ക് ഒരുക്കിയിരിക്കുന്നത്.
ലാഭകരവും സുസ്ഥിരവുമായ രീതിയില്‍ ഔഡിയെ നയിക്കുന്നതില്‍ മാത്രമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബല്‍ബീര്‍ സിംഗ് ധില്ലന് പ്രതികരിച്ചു. ബല്‍ബീറിന് ഇന്ത്യയില്‍ ഔഡി ബ്രാന്‍ഡിനെ സമര്‍ത്ഥമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ഔഡി ഓവര്‍സീസ് റീജിയണ്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ഫ്രിഷ് പറഞ്ഞു.






