
വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഉടന്‍ വിപണിയില്‍ എത്തും. ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്പനയ്ക്കെത്തുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ ഇറ്റാലിയന്‍ വെബ്സൈറ്റില്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ജൂലായ് 12 മുതല്‍ യുഎഇയിലും ഫോണ്‍ ലഭ്യമാവും. അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിലാണ്.
വാവേയുടെ ആദ്യ 5ജി ഫോണ്‍ കഴിഞ്ഞ ജൂണില്‍ ബ്രിട്ടനില്‍ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് കമ്പനി അതില്‍ നിന്നും പിന്മാറുകയായിരുന്നു. മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ് 5ജി പതിപ്പ്.
സ്ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. 5ജി ബാലോങ് 5000 മോഡം ചേര്‍ത്തു. ബാറ്ററി 4200 എംഎഎച്ച് ല്‍ നിന്നും 5000 എംഎഎച്ച് ആയി ഉയര്‍ത്തി. കൂടാതെ, റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.






