ദില്ലി : മദ്യപിച്ച് തോക്കുമായി ഡാന്‍സ് കളിച്ച എംഎല്‍എയെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിംഗിനെയാണ് പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് ബിജെപി പാര്‍ട്ടിയില്‍ നിന്നും ഇയാളെ പുറത്താക്കിയത്.
മദ്യപിച്ച് തോക്കുമായി ഡാന്‍സ് കളിക്കുന്ന എം എല്‍ എയുടെ വീഡിയോ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബജെപിയുടെ നടപടി. ഇയാളുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന്റെ ആഘോഷമായിരുന്നു അണികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്. കൈയ്യില്‍ തോക്കുമായും തോക്ക് കടിച്ച് പിടിച്ചും മദ്യപിച്ചുമായിരുന്നു എംഎല്‍എയുടെ ഡാന്‍സ്. ഡാന്‍സിനിടയില്‍ പല തോക്കുകളും എംഎല്‍എ പ്രദര്‍ശിപ്പിച്ചു.
നേരത്തെ സ്വഭാവദൂഷ്യത്തിന് പ്രണവ് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഹരിദ്വാറിലെ ലസ്കറില് നിന്നുള്ള എംഎല്‍എയാണ് പ്രണവ് സിംഗ് ചാമ്പ്യന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിനെതിരായി പ്രക്ഷോഭം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു പ്രണവ് സിംഗ്. ഇതിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.






