
പുതിയ മൂന്ന് മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നിവയാണ് മൂന്ന് സ്കൂട്ടറുകള്. ഇതില്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍ നിയോയുടെ വില 43,967 രൂപയാണ്. റാപ്ടറിന് 60,771 രൂപയും എമേര്‍ജിന് 72,247 രൂപയുമാണ് പുണെയിലെ എക്സ്ഷോറൂം വില.
നിലവില്‍ അഹമ്മദ്നഗര്‍, ഹൈദരാബാദ്, ലക്നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. എന്നാൽ, വൈകാതെ ബെംഗളൂരു, തമിഴ്നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നാണ് സൂചന.
നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്.
മൂന്ന് മോഡലിലും 250 വാട്ട് ബിഎല്‍ഡിസി മോട്ടോറാണ്. നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതി. നിയോ, റാപ്ടര്‍ എന്നിവ സ്പോര്‍ട്ടിയും എമേര്‍ജ് അല്പം റെട്രോ രൂപത്തിലുമാണ്.






