
സുസുകി ജിക്സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളിന്റെ മോട്ടോജിപി എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,10,605 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. 2019 മോഡല്‍ സുസുകി ജിക്സര്‍ എസ്എഫ് 1.09 ലക്ഷം രൂപ വിലയോടെ മെയ് 20 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 1,500 രൂപയോളം അധികം വില വരും മോട്ടോജിപി എഡിഷന്. ഹീറോ എക്സ്ട്രീം 200എസ് ആണ് പ്രധാന എതിരാളി.
മോട്ടോര്‍സൈക്കിളിന്റെ ഇരു വശങ്ങളിലും സുസുകി എക്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നു. സുസുകി എക്സ്റ്റാര്‍ മോട്ടോജിപി ടീമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട റേസിംഗ് ബ്ലൂ ബോഡി കളറും ഗ്രാഫിക്സുമാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. അലോയ് വീലുകളില്‍ പിന്‍സ്ട്രൈപ്പ് കാണാം.
ജിക്സര്‍ എസ്എഫ് മോട്ടോജിപി എഡിഷന് അതേ 155 സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്ജെക്ഷന്, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്സി എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 14 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്ജിന് സ്പെസിഫിക്കേഷനുകളിലും സൈക്കിള്‍ പാര്‍ട്സുകളിലും മാറ്റമില്ല. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.
ജിക്സര്‍ എസ്എഫ് സീരീസ് മോട്ടോജിപി എഡിഷന് പുറത്തിറക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഈയിടെ ജിക്സര്‍ എസ്എഫ് സീരീസ് പുറത്തിറക്കിയശേഷം മോട്ടോജിപി കളറിനായി ഉപയോക്താക്കള്‍ കാത്തിരിക്കുകയായിരുന്നെന്നും സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.






