
റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് എത്തും. 2018 ജൂണിലാണ് ആദ്യമായി നിര്‍മ്മാതാക്കള്‍ വാഹനം അവതരിപ്പിച്ചത്. കഴിഞ്ഞ മാസം തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ആമസോണ്‍ വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ആദ്യമായി ഒരു ഇ-കൊമേര്‍സ് സൈറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ ബൈക്ക് എന്ന പ്രത്യേകതയും RV400 -നുണ്ട്.
വാഹനം ആഗസ്റ്റ് ഏഴിന് പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹനം പുറത്തിറങ്ങി അധികം താമസമില്ലാതെ ഡെലിവറികളും ആരംഭിക്കുമെന്നാണ് സൂചന. 1000 രൂപ നല്കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
കമ്പനി വാഹനത്തിന്റെ വില്‍പ്പന ഘട്ടം ഘട്ടമായിട്ടാവും നടത്തുക. ജൂണ്‍ 25 മുതല്‍ ബുക്കിങ് ആരംഭിച്ച വാഹനം നിലവില്‍ ഡല്‍ഹിയിലും, പൂനെയിലും ലഭ്യമാണ്. അടുത്ത ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം.
ആന്‍ഡ്രോയിഡിലും ആപ്പിളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന റിവോള്‍ട്ട് ആപ്പ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ബൈക്ക് ലൊക്കേറ്റര്‍, ആന്റി തെഫ്റ്റ് അലാറം, അതിലുപരി ബൈക്കിന്റെ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പുകളും, ടെയില്‍ ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളുമാണ് വാഹനത്തില്‍.






