
ഇന്ത്യയും പാകിസ്താനും സമീപകാലത്ത് ഏറ്റുമുട്ടിയ കാര്‍ഗില്‍ യുദ്ധത്തില്‍ യുദ്ധമുഖത്തേക്ക് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ കുതിക്കും മുമ്പ് അതിര്‍ത്തി കടക്കരുതെന്ന് ഇന്ത്യന്‍ സൈന്യത്തിന് അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയി കര്‍ശന നിര്‍ദേശം നല്കി. ലോകസമൂഹത്തിന്റെ പിന്തുണ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമായി മാറാന്‍ ഇത് കാരണമായി. 20 വര്‍ഷം മുമ്പ് കാര്‍ഗിലില്‍ ശക്തമായി തിരിച്ചടിച്ച് പാക് നുഴഞ്ഞുകയറ്റത്തെ തുരത്തിയ ഇന്ത്യയ്ക്ക് നഷ്ടമായത് 527 സൈനികരുടെ ജീവനാണ്.
കനത്ത മഞ്ഞുമൂടിയ മലനിരകളില്‍ കരസേന കാലാവസ്ഥയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പടവെട്ടുമ്പോള്‍ യുദ്ധഭൂമിയുടെ പ്രത്യേകത കണക്കിലെടുത്താണ് വ്യോമസേന ഇറങ്ങാന്‍ തീരുമാനിച്ചതും വാജ്പോയി നിര്‍ദേശം നല്കിയതും. വിമാനങ്ങള്‍ ഉയരുന്നത് മുമ്പായി നിയന്ത്രണരേഖ മറികടക്കരുതെന്ന് വാജ്പേയി വാശിപിടിക്കുകയും ചെയ്തു. ലേ മേഖലയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള പാക് തന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ മറുപടി പറഞ്ഞത്.
വാജ്പേയി 1999 ഫെബ്രുവരിയില്‍ നടത്തിയ ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് ഇന്ത്യ വലിച്ചിഴയ്ക്കപ്പെട്ടത്. 1999 മെയ് യില്‍ കശ്മീരികളായി വേഷ പ്രഛന്നരായി അതിര്‍ത്തി രേഖ മറികടന്നു പാക് സൈനികരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ആദ്യം വിവരം നല്‍കിയത് ടാഷി നാംഗ്യാല്‍ എന്ന ആട്ടിടയനാണ്. ലഡാക്ക് മേഖലയിലെ കാര്‍ഗില്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ബാട്ടാലിക്കിലെ ഘാര്കോണ് ഗ്രാമത്തില്‍ താമസിക്കുന്ന ടാഷിയാണ് ഇന്ത്യന്‍ സൈന്യത്തിന് വിവരം കൊടുത്തത്.
1999 മെയ് 3 നാണ് പാകിസ്താന് കാരുടെ നുഴഞ്ഞുകയറ്റം ടാഷിയുടെ കണ്ണില്‍ പെടുന്നത്. ''മെയ് 3 ന് രാവിലെ കാണാതെ പോയ യാകിനെ തേടി താനും കൂട്ടുകാരനും ജബ്ബാര്‍ ലംഗാ നദീതീരത്തേക്ക് പോയിരുന്നു. ദൂരക്കാഴ്ചയ്ക്കായി ഒരു ബൈനോക്കുലറും കരുതിയിരുന്നു. ഇതിലൂടെ നോക്കുമ്പോള്‍ മലമുകളില്‍ പത്താനികളുടെ വേഷത്തിലുള്ളവരും വേഷപ്രഛന്നരായ പാകിസ്താന് സൈനികരേയും കണ്ടു. അവര്‍ ബങ്കറുകള്‍ കുഴിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ ആയുധ ധാരികളായിരുന്നു. അവരുടെ നമ്പറുകള്‍ മനസ്സിലായില്ല. എങ്കിലും അവര്‍ നിയന്ത്രണ രേഖയുടെ അപ്പുറത്ത് നിന്നും വന്നവരാണെന്ന് ഉറപ്പുണ്ടായിരുന്നു. താഴേയ്ക്ക് ഇറങ്ങിവന്ന് ഈ വിവരം തൊട്ടടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ പോസ്റ്റില്‍ നല്കി. ഉടന്‍ തന്നെ അലേര്‍ട്ടായ ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ അത് പാക് സൈനികരാണെന്നും നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചു. ''
നിരുപദ്രവകാരി എന്ന് തോന്നിക്കുന്ന ഈ കടന്നുകയറ്റം പിന്നീട് പാക് സൈന്യത്തിന്റെ പൂര്‍ണ്ണ സായുധ ഓപ്പറേഷനായി മാറി. സമയത്ത് തന്നെ ഇടപെട്ട ഇന്ത്യന്‍ സൈന്യം അതിശക്തമായി പ്രതികരിക്കുകയും യുദ്ധമായി മാറുകയും ചെയ്തു. ഓപ്പറേഷന് വിജയ് എന്ന് ഇന്ത്യ വിളിച്ച കാര്‍ഗില്‍ യുദ്ധം 1999 ജൂലൈ 26 നായിരുന്നു അവസാനിച്ചത്.
പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അറിഞ്ഞ വാജ്പേയി ഒരു പോരാട്ടം കൂടാതെ അവസാനിപ്പിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും രാഷ്ട്രീയത്തെ നാടകീയമായി വ്യത്യസ്ത ദിശയിലേക്ക് വിട്ട സംഭവമായിരുന്നു കാര്‍ഗില്‍ യുദ്ധം. യുദ്ധം വാജ്പേയിയെ ദേശീയ നേതാവിലേക്ക് ഉയര്‍ത്തി. തൊട്ടുപിന്നാലെ നടന്ന 1999 സെപ്തംബര്‍ - ഒക്ടോബര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റയ്ക്ക് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടി. നാലു ഹൃസ്വകാല സര്‍ക്കാരുകള്‍ (വാജ്പേയി സര്‍ക്കാര്‍ 13 ദിവസം, എച്ച് ഡി ദേവഗൗഡ 11 മാസം, ഐകെ ഗുജ്റാള്‍ 11 മാസം) വന്നതിന് പിന്നാലെ അഞ്ചു വര്‍ഷം ഭരിക്കുന്ന ഒരു സര്‍ക്കാരിലേക്ക് ഇന്ത്യന്‍ ജനതയെ കാര്‍ഗില്‍ യുദ്ധം എത്തിച്ചു.
ഇന്ത്യയില്‍ സുസ്ഥിര ഭരണം കാര്‍ഗില്‍ കൊണ്ടുവന്നപ്പോള്‍ പാകിസ്താനില്‍ സ്ഥിതി മറിച്ചായി. യുദ്ധം തുടങ്ങിയത് നവാസ് ഷെരീഫിന്റെ പാക് മുസ്ളീംലീഗ് ഭരിക്കുമ്പോഴായിരുന്നു. യുദ്ധം പുരോഗമിച്ച് ഇന്ത്യ മേല്‍ക്കൈ നേടിയതോടെ രാഷ്ട്രീയ ഭരണകൂടം തെറിക്കുകയും പാക് സൈന്യം രാജ്യം പിടിച്ചടക്കുകയും പാകിസ്താനെ ഇരുട്ടിലാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത പാക് സൈന്യാധിപന് മുഷാറഫിന്റെ ഫോണ്‍ സന്ദേശത്തില്‍ നിന്നും ഇക്കാര്യം ഇന്ത്യ മനസ്സിലാക്കുകയും ചെയ്തു.






