
ന്യൂഡല്‍ഹി: ആള്‍കൂട്ട അക്രമങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് നല്കിയ കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആള്‍കൂട്ട ആക്രമങ്ങളും ജയ്ശ്രീറാം വിളിപ്പിക്കലും സ്വാതന്ത്ര്യത്തിനു മേലുള്ള അടിച്ചമര്‍ത്തലാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ വിമര്ശനങ്ങള്ങ്ങള്ക്കെതിരെ മറുപടിയുമായി സാംസാകാരിക രംഗത്തെ 62 പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
മാവോയിസ്റ്റുകള്‍ ആദിവാസികളെ കൊല്ലുമ്പോള്‍ മിണ്ടാതിരുന്നവര്‍ സ്ഥാപിത താല്പര്യങ്ങള്ക്കുവേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നതെന്നാണ് ഇവരുടെ കത്തിലെ പ്രധാന ആരോപണം. നടി കങ്കണ റണാവത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കര്‍ ഉള്‍പ്പടെയുള്ള 62 പേരാണ്, അടൂരടക്കം 49 പേര് പ്രധാനമന്ത്രിക്കെഴുതിയ കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
രാജ്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെ രക്ഷാകര്‍ത്താക്കളായി നടിക്കുന്ന 49 പേരുടെ, തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമുള്ള പ്രതികരണത്തിനും തെറ്റായ പ്രചാരണത്തിനും മറുപടിയെന്ന തലക്കെട്ടോടെയാണ് തുറന്ന കത്ത്. രാഷ്ട്രീയ പ്രേരിതവും പക്ഷപാതിത്വവും പ്രകടമാക്കുന്നതെന്നാണ് 49 പേര് പ്രധാനമന്ത്രിക്ക് അയച്ച കത്തെന്നാണ് ആരോപണം.
മാവോയിസ്റ്റകള്‍ ആദിവാസികളെയും സാധാരണക്കാരെയും കൊല്ലുമ്പോഴും, കശ്മീരില്‍ വിഘടനവാദികള്‍ സ്കൂളുകള്‍ കത്തിക്കുമ്പോളും കത്തെഴുതിയവര്‍ മിണ്ടുന്നില്ല. ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും, രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയുമാണ് കത്തെഴുതിയവരുടെ ലക്ഷ്യം. മറുപടി കത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ബുധനാഴ്ചയാണ് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പടെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും ജയ് ശ്രീറാം വിളിപ്പിക്കലിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്, ബംഗാളി നടന് കൗശിക് സെന്‍ എന്നിവര്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആന്റോ ആന്റണി എംപി നല്കിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളുകയും ചെയ്തു.





