
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് അപ്പാച്ചെ ഹെലികോപ്ടറുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിങ്ങില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഹെലികോപ്ടര്‍ വാങ്ങുന്നത്. ശനിയാഴ്ച നാലു ഹെലികോപ്ടര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചാണ് ഹിന്ഡോണ് വ്യോമതാവളത്തില്‍ എത്തിയിരിക്കുന്നത്.
വ്യോമസേനയ്ക്കായി 22 ഹെലികോപ്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം പത്താന്‍കോട്ട് വ്യോമതാവളത്തിലാകും വിന്യസിക്കുക. 2015 സെപ്റ്റംബറിലാണ് ബോയിങ്ങുമായി ഇന്ത്യ കരാറിലൊപ്പിട്ടത്. അപ്പാച്ചെ എ.എച്ച്-64 ഇ ഹെലിമകാപ്ടറുകള് ലോകത്തിലേറ്റവും മികച്ചവയെന്നാണ് വിലയിരുത്തുന്നത്.
അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യങ്ങളുടെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്ടര്‍. സേനകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായാണ് അപ്പാച്ചെ ഹെലികോപ്ടറുകള്‍ സ്വന്തമാക്കുന്നതെന്നാണ് സേന വ്യക്തമാക്കുന്നത്. വ്യോമസേനയ്ക്കു പുറമെ കരസേനയ്ക്കു വേണ്ടിയും ആറ് അപ്പാച്ചെ ഹെലികോപട്റുകള് കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.






