
ജയ്പൂര്‍: ബലാത്സംഗക്കേസ് ഉയര്‍ത്തി ബിസിനസുകാരനില്‍ നിന്നും 8.5 ലക്ഷം തട്ടിയെടുത്ത അമ്മയെയും മകളെയും പോലീസ് അറസ്്്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന ഒരു ബിസിനസുകാരനെതിരേ മകള്‍ നല്കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ 14 ലക്ഷം ആവശ്യപ്പെട്ട അനുരാധാ കപൂര്‍ എന്ന 43 കാരിയേയും ഇവരുടെ മാതാവ് 67 കാരി മോളിയേയും ഇവരുടെ സഹായിയായ ഒരു സ്ത്രീയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തക എന്ന വ്യാജേനെ കേസില്‍ ഇടപെട്ടതാണ് മൂന്നാമത്തെ സ്ത്രീയെ ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ താമസിക്കുന്ന അമ്മയും മകളും ബിസിനസുകാരനായ രാജേന്ദ്രവ്യാസ് എന്നയാളെയാണ് കുടുക്കിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന് അനുരാധ നേരത്തേ ഡല്‍ഹി പോലീസില്‍ വ്യാസിനെതിരേ ഒരു പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജൂണ്‍ 7 ന് കേസെടുക്കുകയും ചെയ്തു. പിന്നീട് പരാതി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 15 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. അപമാനം ഭയന്ന് ബിസിനസുകാരന് 6 ലക്ഷം രൂപ ഒരാഴ്ച മുമ്പ് ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയുമുണ്ടായി.
കോടതിയില്‍ മൊഴിമാറ്റി പറയുന്നതിനായി മറ്റൊരു എട്ടു ലക്ഷം രൂപയുമായി പിറ്റേന്നു വരാന്‍ ശനിയാഴ്ച അനുരാധ വ്യാസിനോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് പണം നല്‍കുന്നതിന് പകരം വ്യാസ് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് മറ്റൊരു പരാതി നല്കി. തുടര്‍ന്ന് കേസില്‍ ഇടപെട്ട പോലീസ് അതി വിദഗ്ദ്ധമായി ഒരു പ്ളാന്‍ തയ്യാറാക്കി മൂന്ന് പേരെയും ഹോട്ടലിലേക്ക് വിളിച്ചു വരുത്തി വലയിലാക്കി. വിദേശത്ത് പഠിക്കുകയും അവിടെ കഴിയുകയും ചെയ്യുന്നയാളാണ് അനുരാധയെന്നും വിദേശത്തെ ഇവരുടെ കെയര്‍ ടേക്കറാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായത്.
ഇവരായിരുന്നു വ്യാസിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞത്. ബിസിനസുകാരന് സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതായിരുന്നു കേസിലെ മൂന്നാമത്തെ പ്രതിയുടെ ജോലി. മുമ്പും പലയിടങ്ങളില്‍ സാമ്പത്തീക തട്ടിപ്പിന് കേസുള്ളവരാണ് അനുരാധയും മാതാവ് മോളിയും. മുമ്പ് വ്യാജരേഖ കേസില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുള്ളയാളാണ് അനുരാധയും അമ്മയും. ക്രിക്കറ്റ് വാതു വെയ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്കെതിരേ ഗോവന്‍ പോലീസിലും കേസുണ്ട്. ജയ്പൂരിലെ ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയെന്നും കേസുണ്ട്.






