ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജെയ്പാല് റെഡ്ഡിയെ അനുസ്മരിക്കുന്നതിനിടെ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജെയ്പാല് റെഡ്ഡിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യസഭയില്‍ സംസാരിക്കവെയാണ് വെങ്കയ്യ നായിഡു വിതുമ്പിയത്.
അസാമാന്യ വാഗ്മിയും ഭരണകര്‍ത്താവുമായിരുന്നു ജെയ്പാല് റെഡ്ഡിയെന്ന് വെങ്കയ്യ നായിഡു അനുസ്മരിച്ചു. 1970കളില്‍ ആന്ധ്രപ്രദേശ് നിയമസഭയില്‍ ജെയ്പാല് റെഡ്ഡിക്കൊപ്പം രണ്ട് ടേമുകളില്‍ പ്രവര്‍ത്തിച്ചത് നായിഡു ഓര്‍മ്മിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രഭാതഭക്ഷണ സമയത്ത് വിവിധ വിഷയങ്ങളെക്കുറിച്ച് തങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകളെക്കുറിച്ചും വെങ്കയ്യ നായിഡു അനുസ്മരിച്ചു.
എട്ട് മണിക്കാണ് നിയമസഭ തുടങ്ങുന്നത്. ഏഴ് മണിക്ക് തന്നെ തങ്ങളിരുവരും പ്രഭാതഭക്ഷണത്തിനായി ഒരുമിക്കും. ഒരു മേശയ്ക്ക് ഇരുവശവുമിരുന്നായിരുന്നു ചര്‍ച്ചകള്‍. ജനങ്ങള്‍ നേരിടുന്ന വിവിധ വിഷങ്ങള്‍ ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി നാല് പതിറ്റാണ്ട് നീണ്ട സൗഹൃദം ഉണ്ടായിരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു ജെയ്പാല് റെഡ്ഡിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഇതിനിടെയാണ് അദ്ദേഹം വിതുമ്പിയത്. പിന്നീട് വികാരാധീനനായതിന് രാജ്യസഭയില്‍ മാപ്പ് പറയുകയും ചെയ്തു.






