
കര്ക്കിടകവാവിന് രണ്ട് ദിവസം മുന്‍പെ മരുത്തോര്‍വട്ടം അമ്പലത്തിലും പരിസരത്തുമായി താളുകറി ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി ആരംഭിച്ചിരിക്കും. തൊട്ടാല്‍ ചൊറിയുന്ന കാട്ടുചേമ്പിന്റെ താളാണ് സ്വാദോടെ എല്ലാവരും കഴിക്കുന്നത്'. കര്‍ക്കിടക വാവിനോടനുബന്ധിച്ച് താളുകറിയുടെ പ്രത്യേകതയും അത് ലഭിക്കുന്ന മരുത്തോര്‍വട്ടം അമ്പലത്തേയും കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകനായ ധനസുമോദ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കര്‍ക്കിടക വാവിന് താള് കറി കഴിക്കാന്‍ മരുത്തോര്‍വട്ടം അമ്പലത്തില്‍ പോയി. മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒരാള്‍ ഡോക്ടര്‍ ആണ്. വൈദ്യരായ ദൈവമായ ശ്രീധന്വന്തരി ആണ് ഇവിടെ പ്രതിഷ്ഠ. വയറുവേദന കൊണ്ട് പുളഞ്ഞ ഒരു രോഗിക്ക് ക്ഷേത്രത്തിനടുത്ത ചേമ്പിന്റെ താള് വച്ചു കറിവച്ചു കഴിക്കാന്‍ വെളിപാട് ഉണ്ടായെന്നാണ് ഐതീഹ്യം. വയറുവേദന മാറിയതോടെ താളുകറി വലിയ പ്രശസ്തമായി.
കര്‍ക്കിടക വാവിന് രണ്ട് ദിവസം മുന്‍പേ തോട്ടിന്‍കരയിലും കണ്ടത്തിലും നടന്നു കൊട്ടക്കണക്കിന് താളുകള്‍ ശേഖരിക്കും. വലിയ ലോറിയില്‍ അമ്പലത്തില്‍ എത്തിക്കും. തലേ ദിവസം മുതല്‍ കൂട്ടത്തോടെ അരിയാന്‍ തുടങ്ങും. ഇപ്പോള്‍ അരിയുന്ന മെഷീന് വന്നെങ്കിലും ഭൂരിഭാഗവും കൈകൊണ്ടു അരിഞ്ഞെടുക്കുന്നതാണെന്ന് സുഹൃത്ത് ഹരികുമാര്‍ പറയുന്നു.
ചേമ്പിന് താള് കഴുകി വൃത്തിയാക്കി അരിഞ്ഞു വലിയ വാര്‍പ്പുകളില്‍ വേയിച്ചു വറുത്തു പൊടിച്ച മുളകും മല്ലിയും ചേര്‍ത്ത് പുളി പിഴിഞ്ഞ് ഒഴിഞ്ഞു കടുകും താളിച്ചെടുക്കുന്ന താള്കറി നമസ്കാര വഴിപാടിന്റെ നിവേദ്യപ്രസാദമായ ഉണക്കലരി ചോറുമായി ഒരു പിടി പിടിച്ചു. ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും. തൊട്ടാല്‍ ചൊറിയുന്ന കാട്ടുചെമ്പിന്റെ താളാണ് ഇത്ര സ്വാദോടെ കറിയാക്കുന്നത് എന്നോര്‍ക്കണം. മരുത്തോര്വട്ടംകാര്ക്ക് കര്‍ക്കിടക വാവിനോട് അനുബന്ധിച്ചു മൂന്ന് ദിവസം ഉറക്കമില്ലാത്ത രാവുകളാണെന്നു പ്രശസ്ത തുള്ളല്‍ കലാകാരനായ മരുത്തോര്‍വട്ടം കണ്ണന് പറഞ്ഞു. താള് കറിയുടെ ഔഷധമൂലത്തെ ക്കുറിച്ച് അധ്യാപകനായ വയലാര്സേതു സാര്‍ പറഞ്ഞ കാലം മുതല്ക്കേ ചേര്‍ത്തലയില്‍ ഉള്ള എല്ലാവാവിനും ഞാന്‍ ഉച്ചക്ക് താള് കറിയും കൂട്ടിയുള്ള ഉണക്കലരി ചോറാണ് കഴിക്കുന്നത്.
ഈ ക്ഷേത്രത്തിലെ വഴിപാടുകള്‍ ഏറെ വ്യത്യസ്തമാണ്. അട്ടയും കുഴമ്പും മുക്കുടി കഷായവും കര്‍ക്കിടക മരുന്ന് കഞ്ഞിയും പ്രധാന വഴിപാടാണ്. ധന്വന്തരിയുടെ ഒരു കൈയില്‍ അട്ടയാണ്. ഉണങ്ങാത്ത വൃണങ്ങളും വറ്റാത്ത നീരും സുഖപ്പെടുത്തുന്നതിനായി അട്ടയെ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ടല്ലോ. മരുന്ന് ഒരു വട്ടം പിന്നീട് മരുത്തോര്‍വട്ടം ആയി മാറിയെന്നു സ്ഥലനാമപുരാണം പറയുന്നു. അടുത്ത തവണ കര്‍ക്കടക വാവിന് മരുത്തോര്‍വട്ടത്തെ താള് കറിയും ചോറും കഴിക്കാന്‍ നിങ്ങളെ ഇപ്പോഴേ ക്ഷണിക്കുന്നു.






