
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കാറിടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ ഫലത്തില്‍ തിരുമറി ഉണ്ടായേക്കുമെന്ന് ആശങ്ക. അപകടശേഷം ഏറെ നേരം വൈകി പരിശോധന നടന്നതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യത കുറയും. മാത്രമല്ല ശ്രീറാം രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്.
അതേസമയം ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആശുപത്രിയില്‍ ഫൈവ് സ്റ്റാര്‍ ചികിത്സയാണ് ശ്രീറാമിന്. റിമാന്‍ഡിലുള്ള ശ്രീറാം കഴിയുന്നത് സൂപ്പര്‍ ഡീലക്സ് മുറിയില്‍. ടിവിയും എസിയും അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടുണ്ട്. പരിചയക്കാരായ ഡോക്ടര്‍മാര്‍ പരിചരണത്തിന് ഒപ്പമുണ്ടെന്നാണ് വിവരം. ശ്രീറാമിന് ഗുരുതര പരുക്കുകളില്ലെന്ന് ഇന്നലെ തന്നെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാതെ പോലീസും കണ്ണടയ്ക്കുന്നു.
ശനിയാഴ്ച വൈകിട്ട് അപകടമുണ്ടായ സമയം ശ്രീറാമും ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസും മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ പോലീസ് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചിരുന്നില്ല. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാംപിള്‍ എടുക്കാന്‍ പോലീസ് അവശ്യപ്പെട്ടില്ല. അപകടത്തിന് ശേഷം പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ എടുത്തത്.
അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. ശ്രീറാമിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനില്‍ എത്തിച്ചത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന് പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു.






