
ന്യൂഡല്‍ഹി : ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയത് കൊണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് സുന്ദരികളായ കശ്മീരി പെണ്‍കൊടികളെ കിട്ടുമെന്ന് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി സമ്മാനിക്കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റി ജമ്മുകശ്മീരിനെയും ലഡാക്കിനെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ഭരണകൂടം തിരുത്തിയത് ഇന്നലെയാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാജ്യം മുഴുവനുമുള്ള ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്യുമ്പോഴാണ് നിരന്തരം വിവാദ പ്രസ്താവനകള്‍ പുറത്തുവിടാറുള്ള ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സിംഗ് സെയ്നി അല്‍പ്പം വ്യത്യസ്തനായത്.
മുസാഫര്‍നഗര്‍ എംഎല്‍എ യാണ് സെയ്നി. ''തീരുമാനം പാര്‍ട്ടിയിലെ വിവാഹം കഴിക്കാത്ത പ്രവര്‍ത്തകര്‍ക്കാണ് ഏറെ സന്തോഷം നല്‍കിയിരിക്കുന്നത്. അവര്‍ക്ക് സുന്ദരികളായ കശ്മീരി പെണ്‍കൊടികളെ വിവാഹം കഴിക്കാനാകും. ഇനി അതൊരു പ്രശ്നമല്ല. നേരത്തേ കശ്മീരി സുന്ദരികള്‍ക്ക് നേരെ പീഡനങ്ങള്‍ നടക്കുന്നതായിട്ടായിരുന്നു പരാതി.
ഇപ്പോള്‍ കശ്മീരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുരുഷന് വിവാഹം കഴിച്ചാല്‍ അവരുടെ പൗരത്വം അംഗീകരിക്കപ്പെടും. ഇന്ത്യയ്ക്കും കശ്മീരിനും രണ്ടു പൗരത്വമായിരുന്നല്ലോ. മുസ്ളീം പ്രവര്‍ത്തകര്‍ക്കും കശ്മീരി സുന്ദരികളെ കല്യാണം കഴിക്കാമെന്നതിനാല്‍ ആഘോഷിക്കാം. ഇനി ഹിന്ദുവിനും മുസ്ളീമിനും ആഘോഷിക്കാം. രാജ്യമുഴുവന്‍ ഇത് ആഘോഷിക്കണം.'' സെയ്നി ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
സെയ്നിയുടെ പ്രസംഗത്തിലെ ലൈംഗിക വംശീയ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. എന്നാല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നും ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി മണ്ടത്തരം വിളിച്ചുകൂവുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബില്‍ പാസ്സാക്കപ്പെടുന്നതിന് മുമ്പും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ കശ്മീരി പെണ്‍കൊടികള്‍ക്ക് വിവാഹം കഴിക്കാമായിരുന്നു. ഇതുകൊണ്ട് അവരുടെ പൗരത്വം ഇല്ലാതാകുമായിരുന്നില്ല.
2002 ഒക്ടോബറില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ വിധി പ്രകാരം കശ്മീരി പെണ്‍കൊടികള്‍ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായിരുന്നു. അതേസമയം സെയ്നി വിവാദ പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല. ഇന്ത്യ സുരക്ഷിതമല്ല എന്ന് തോന്നുന്ന ഇന്ത്യാക്കാരെ ബോംബിട്ടു കൊല്ലണമെന്ന് സെയ്നി ജനുവരിയില്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
താന്‍ മന്ത്രിയായാല്‍ രാജ്യത്തോട് കൂറ് പുലര്‍ത്താത്തവരെ ബോംബിട്ട് കൊല്ലുമെന്നും ആരേയും വെറുതെ വിടുകില്ല എന്നുമായിരുന്നു പ്രസ്താവന. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭൂമിയും ധനവും കൈവശം വെച്ചിരിക്കുന്ന താടി നീട്ടി വളര്‍ത്തിയവരെ പോകാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത് ചില കഴിവില്ലാത്ത നേതാക്കളാണെന്നും ഇവന്മാര് ഇവിടെ ഇല്ലായിരുന്നെങ്കില്‍ അവയെല്ലാം നമുക്കു കിട്ടുമായിരുന്നു എന്നും പറഞ്ഞു.






