
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പൊതുവിതരണ ശൃംഖലയിലെ നിര്‍ണായകഘടകമായ സപ്ലൈകോ നടുവൊടിഞ്ഞ നിലയില്‍. സര്‍ക്കാരിന്റെ അടിയന്തര സഹായം എത്തിയില്ലെങ്കില്‍ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കി സപ്ലൈകോയ്ക്ക് പൂട്ടുവീഴും.
അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നുപോകുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പുറത്തുനിന്ന് സാധനങ്ങള്‍ വാങ്ങിയ വകയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയും വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ കടബാധ്യതയും കാരണം സപ്ലൈകോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും കടുത്ത വെല്ലുവളി നേരിടുകയാണ്.
2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, അവശ്യസാധനങ്ങള്‍ വാങ്ങിയ വകയില്‍ മാത്രം വിതരണക്കാര്‍ക്ക് സപ്ലൈകോ 432.23 കോടി രൂപ കൈമാറാനുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ധനകാര്യ വിഭാഗം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പ്രോസസ് ചെയ്ത് നല്കാന് തയാറാക്കിവച്ചിരിക്കുന്ന തുക മാത്രം 132.22 കോടി രൂപ വരും. ശേഷിക്കുന്ന 300 കോടി രൂപയോളം വിവിധ ഡിപ്പോകളിലും സെക്ഷനുകളിലുമായി ബില്ലുകള്‍ പ്രോസസ് ചെയ്യുന്നതേയുള്ളൂ എന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രമുഖ പൊതുമേഖലാ-സ്വകാര്യ കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയാണ് സപ്ലൈകോയില്‍നിന്ന് ലഭിക്കാനുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന് 1.47 കോടി രൂപയും സഹകരണ വിപണന ശൃംഖലയായ റെയ്ഡ്കോയ്ക്ക് 1.03 കോടി രൂപയും സപ്ലൈകോ കുടിശിക വരുത്തിയിട്ടുണ്ട്.
ശബരി വെളിച്ചെണ്ണ വിതരണത്തില്‍ മാത്രം 85.86 കോടി രൂപയും മറ്റ് സബ്സിഡി സാധനങ്ങളുടെ ഇനത്തില്‍ 32.87 കോടി രൂപയും കുടിശികയാണ്. ഇതിനു പുറമേ പഞ്ചസാര വിതരണം ചെയ്ത വകയില്‍ 6.79 കോടി രൂപയും എഫ്.എം.സി.ജി. ഉല്‍പ്പന്നങ്ങള്‍ക്ക് 5.27 കോടി രൂപയും ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 1.41 കോടി രൂപയും നല്‍കാനുണ്ട്.
സാധനങ്ങള്‍ വാങ്ങിയതിന്റെ കുടിശികയ്ക്കൊപ്പം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി സപ്ലൈകോ എടുത്ത കടബാധ്യത 4,169.87 കോടി രൂപ കടന്നു എന്നതാണ് മറ്റൊരു പ്രതിസന്ധി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി എടുത്ത വായ്പകളായ ലോണ്‍ 'എ' വിഭാഗത്തില്‍ മാത്രം 2,490 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇതില്‍ എസ്.ബി.ഐക്ക് 1,000 കോടി രൂപയും കനറ ബാങ്കിന് 1,000 കോടി രൂപയും ഫെഡറല്‍ ബാങ്കിന് 490 കോടി രൂപയും വായ്പാ തിരിച്ചടവുണ്ട്.
കര്‍ഷകരില്‍നിന്നു മറ്റും നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട പി.ആര്.എസ്. വായ്പകളിലും സപ്ലൈകോയ്ക്ക് വന്‍ ബാധ്യതയാണുള്ളത്. ആകെ 1,679.87 കോടി രൂപയാണ് പി.ആര്.എസ്. ലോണ്‍ ഇനത്തില്‍ സപ്ലൈകോയ്ക്കുള്ളത്. ഇതില്‍ കേരളാ ബാങ്കിന് മാത്രം 2021-22 വര്‍ഷത്തെ വായ്പയായി 379.87 കോടി രൂപയും 2022-23 വര്‍ഷത്തെ വായ്പയായി 200.00 കോടി രൂപയും നല്‍കാനുണ്ട്. കൂടാതെ കണ്‍സോര്‍ഷ്യം ബാങ്ക് വഴി എസ്.ബി.ഐക്ക് 480.00 കോടി രൂപയും കാനറ ബാങ്കിന് 620.00 കോടി രൂപയും പി.ആര്.എസ്. ഇനത്തില്‍ നല്‍കാനുണ്ട്.
കേരളാ ബാങ്കിന്റെ മാത്രം പി.ആര്.എസ്. ലോണ്‍ ഇനത്തില്‍ ഏകദേശം 175 കോടി രൂപയാണ് പലിശയിനത്തില്‍ സപ്ലൈകോയ്ക്ക് നിലവില്‍ കുടിശികയായിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക ഭാരം ഇരട്ടിയാക്കും. വിപണി ഇടപെടലുകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ബാങ്കുകളില്‍നിന്നുള്ള വായ്പകളെ അമിതമായി ആശ്രയിച്ചത് സപ്ലൈകോയെ കടുത്ത കടക്കെണിയിലേക്ക് എത്തിച്ചു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് കോര്പ്പറേഷന് നല്കിയ ഔദ്യോഗിക മറുപടിയിലാണ് സാമ്പത്തികപ്രതിസന്ധിയുടെ നേര്ചിത്രമുള്ളത്.
അതേസമയം സപ്ലൈകോയുടെ തകര്‍ച്ച തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കാര്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ വിപണിയിടപെടല്‍ പദ്ധതികള്‍ക്കായി സപ്ലൈകോയ്ക്ക് ആകെ 1,813.78 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍, കടുത്ത കോവിഡ് പ്രതിസന്ധി നേരിട്ട 2020-21 വര്‍ഷത്തിലും തുടര്‍ന്ന് വന്ന 2022-23 വര്‍ഷത്തിലും സര്‍ക്കാര്‍ ഈ പദ്ധതിക്കായി തുകയൊന്നും അനുവദിച്ചില്ല. ഇടയ്ക്കുള്ള 2021-22ല്‍ 75 കോടി രൂപ മാത്രമാണു നല്‍കിയത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടലിനായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയിട്ടുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2023-24 വര്‍ഷത്തില്‍ 357.63 കോടി രൂപയും 2024-25ല്‍ 455.00 കോടി രൂപയും 2025-26 വര്‍ഷത്തില്‍ 347.00 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.






