
ആംപിയര്‍ വെഹിക്കിള്‍സ് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. വിവിധ മോഡലുകളുടെ വിലയില്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചതോടെയാണ് വില കുറയ്ക്കാന്‍ ആംപിയര്‍ വെഹിക്കിള്‍സ് തീരുമാനിച്ചത്. ഇവി ചാര്‍ജറുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരുന്നു
റിപ്പോർട്ട് പ്രകാരം ഗ്രീവ്സ് കോട്ടണ്‍ ആംപിയര്‍ വെഹിക്കിള്‍സിലെ തങ്ങളുടെ ഓഹരി 67 ശതമാനത്തില്‍നിന്ന് 81 ശതമാനമായി വര്‍ധിപ്പിച്ചു. ആംപിയര്‍ സീല്‍ എന്ന ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില 5,000 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 67,000 രൂപയാണ്. നേരത്തേ 72,000 രൂപയായിരുന്നു. റിയോ എല്‍ഐ (ലിഥിയം അയണ്‍ ബാറ്ററി) ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയില്‍ 3,500 രൂപയുടെ കുറവാണ് വരുത്തിയത്. പുതിയ വില 52,500 രൂപയാണ്.
ഇപ്പോള്‍ 34,000 രൂപ നല്കിയാല് ആംപിയര്‍ വി-48 എല്‍എ (ലെഡ് ആസിഡ് ബാറ്ററി) ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ കഴിയും. 2,000 രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 36,000 രൂപ വേണമായിരുന്നു. റിയോ എല്‍എ (ലെഡ് ആസിഡ് ബാറ്ററി), മാഗ്നസ്, വി-48 എല്‍ഐ (ലിഥിയം അയണ്‍) എന്നീ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില 3,000 രൂപ വീതം കുറച്ചു. യഥാക്രമം 40,000 രൂപ, 45,000 രൂപ, 50,000 രൂപ എന്നിങ്ങനെയാണ് പുതിയ വില.






