
നിസാന്‍ കിക്സ് എസ്യുവിയുടെ പുതിയ ബേസ് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. എക്സ്ഇ എന്ന വേരിയന്റിന് ഇന്ത്യ എക്സ് ഷോറൂം വില 9.89 ലക്ഷം രൂപയാണ്. എക്സ്എല്‍ എന്ന നിലവിലെ ബേസ് വേരിയന്റിനേക്കാള്‍ 1.2 ലക്ഷത്തോളം രൂപ കുറവ്. എക്സ്ഇ വേരിയന്റ് റെനോ-നിസാന്‍ സഖ്യത്തിന്റെ 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.
കൂടാതെ, അധിക ഫീച്ചറുകള്‍ നല്കി എക്സ്എല്‍, എക്സ്വി ഡീസല്‍ വേരിയന്റുകള്‍ പരിഷ്കരിച്ചു. ഇതോടെ വില യഥാക്രമം ഏകദേശം 24,000 രൂപയും 2,000 രൂപയും വര്‍ധിച്ചു. എക്സ്വി പ്രീ, എക്സ്വി പ്രീ ഓപ്ഷന് എന്നീ രണ്ട് ടോപ് വേരിയന്റുകള്‍ ഏകീകരിച്ച് എക്സ്വി പ്രീ എന്ന ഒറ്റ വേരിയന്റാക്കി മാറ്റി. മുമ്പത്തെ ടോപ് സ്പെക് വേരിയന്റിലെ (എക്സ്വി പ്രീ ഓപ്ഷന്) എല്ലാ ഫീച്ചറുകളും എക്സ്വി പ്രീ വേരിയന്റില്‍ നല്കിയിരിക്കുന്നു. എന്നാൽ, വില ഒരു ലക്ഷത്തോളം രൂപ കുറഞ്ഞെന്നാണ് സൂചന.
ഇബിഡി സഹിതം എബിഎസ്, ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ എസി വെന്റ് സഹിതം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഓക്സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് സ്പീക്കറുകള്‍ എന്നിവയോടെ 2 ഡിന് ഓഡിയോ സിസ്റ്റം, കൂള്‍ഡ് ഗ്ലൗവ്ബോക്സ് എന്നിവ എക്സ്ഇ വേരിയന്റില്‍ സ്റ്റാന്‍ഡേഡായി നല്കി. ബേസ് വേരിയന്റില്‍ 'നിസാന്‍ കണക്റ്റ്' ടെക്നോളജി പാക്ക് സ്റ്റാന്‍ഡേഡായി നല്‍കാനും ജാപ്പനീസ് ബ്രാന്‍ഡ് തീരുമാനിച്ചു.
17 ഇഞ്ച് അലോയ് വീലുകള്‍ (നേരത്തെ നല്‍കിയിരുന്നത് 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍), വെഹിക്കിള്‍ ഡൈനാമിക് കണ്ട്രോള് (ട്രാക്ഷന്‍ കണ്ട്രോള്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള് എന്നിവ ഉള്‍പ്പെടുന്ന), മുന്നില്‍ ഫോഗ് ലാംപുകള്‍, റൂഫ് റെയിലുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റി സഹിതം 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇക്കോ ഡ്രൈവിംഗ് മോഡ് എന്നിവ നല്കി എക്സ്എല്‍ വേരിയന്റും പരിഷ്കരിച്ചു.






