
പ്രമുഖ ഗായന് ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ വിയോഗവാര്‍ത്ത കലാഹൃദയങ്ങളെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ബിജു നാരായണന്റെയും ശ്രീലതയുടെയും പ്രണയം മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നുവെന്ന് പറയുകയാണ് നടന് ടിനി ടോം. ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തുമാണ് ടിനി ടോം. പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം.
സിദ്ധാര്‍ത്ഥ്, സൂര്യനാരായണന് എന്നീ രണ്ടു ആണ്മക്കളാണ് ബിജു നാരായണന് - ശ്രീലത ദമ്പതികള്‍ക്ക്. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. '' പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന രീതിയില്‍ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണന്, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസില്‍ എല്ലാവര്ക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.
പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത് ഞാനായിരുന്നു. ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു. ഒരു വര്‍ഷമായി ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജില്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാന്‍സര്‍ ആയിരുന്നു'' - ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.






