
ബാലതാരമായി സിനിമയിലേക്കെത്തി ‘രാമന്റെ ഏദന്‍തോട്ടം’ എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയെടുത്ത താരമാണ് അനു സിതാര. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ് അനു. അഭിനയത്തിന് പുറമെ നൃത്തത്തിനും പ്രാധാന്യം കൊടുക്കുന്ന താരം ഇപ്പോൾ യുഎഇയിൽ ‘കമലദളം’ എന്നൊരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു സിതാര. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളും അനു സിതാര സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. സന്തോഷങ്ങള്‍ മാത്രമല്ല നൊമ്പരങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. അടുത്തിടെ തന്റെ പ്രിയപ്പെട്ട ഉമ്മൂമ്മയെ നഷ്ടപ്പെട്ട സങ്കടവും അനു പങ്കിട്ടിരുന്നു. ഉമ്മൂമ്മയുടെ വിയോഗവാർത്ത പങ്കുവെച്ചുകൊണ്ട് വികാരനിർഭരമായൊരു കുറിപ്പാണ് താരം പങ്കിട്ടത്.
ഇപ്പോഴിതാ ആ വിയോഗം ദിവസങ്ങള്‍ പിന്നിടുമ്പോഴും കൂടുതല്‍ കാഠിന്യമാകുന്നുവെന്ന് കുറിക്കുകയാണ് അനു സിതാര. സങ്കടത്തിൽ നിന്നും പൂർണമായി മുക്തയായിട്ടില്ല താരം തന്റെ ഉമ്മൂമ്മ ഒരു യാത്ര പോയിരിക്കുകയാണെന്നാണ് പുതിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ‘‘ഉമ്മ ഒരു യാത്ര പോയതാണ്, തിരിച്ചു വരും...’’ എന്ന നൊമ്പരക്കുറിപ്പ് പങ്കിട്ട് ഉമ്മൂമ്മയ്ക്ക് ഒപ്പമുള്ള ഒരു ഓർമചിത്രവും അനു പങ്കുവച്ചിട്ടുണ്ട്. നിരവധി സഹതാരങ്ങളും ആരാധകരും ഈ വിയോഗവാര്‍ത്തയില്‍ താരത്തിന് ആശ്വാസവാക്കുകള്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസവും അനു സിതാര തന്റെ ഉമ്മൂമ്മയുടെ വേര്‍പാടിനെക്കുറിച്ച് വിശദമായി കുറിച്ചിരുന്നു. ഉമ്മൂമ്മയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. ‘‘എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല... കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്... എന്റെ അടുത്തുതന്നെ ഇരുന്ന് ‘മോളേ’ എന്ന് വിളിക്കുന്നത് പോലെ...
എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയി...
ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, ‘പോകല്ലേ ഉമ്മ"’ എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്... ‘ഉമ്മ പോകല്ലേ’ എന്ന് പറഞ്ഞ്...
അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.
ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം... ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം... തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം... എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം... ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം...
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം...’’ എന്നാണ് ഉമ്മൂമ്മയ്ക്കൊപ്പമുള്ള വീഡിയോ പങ്കിട്ട് അനുസിതാര കുറിച്ചത്.






