
കാസര്‍ഗോഡ് : ഓരോരുത്തര് പറയുന്നത് കേട്ട് സര്‍ക്കാരിന്റെ നിലപാട് പറയാന്‍ കഴിയില്ലെന്നു സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് റവന്യൂമന്ത്രിയൂടെ മറുപടി. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്നലെ വിഎസ് നടത്തിയ പ്രസ്താവനയ്ക്കായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് മറുപടി പറഞ്ഞത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോല മേഖലകളിലെ നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ വിലക്കണമെന്ന് വിഎസ് ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കുന്നിന് മുകളിലെ തടയണകള്‍ പൊളിച്ചു നീക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നു കഴിഞ്ഞതായും എന്നിട്ടും ഇതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ജനപ്രതിനിധികള്‍ മാത്രമാണ്.
വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാമാണ് ദുരന്ത കാരണമായി മാറിയിരിക്കുന്നതെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാമെന്നും വിഎസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഓരോരുത്തരും പറയുന്നത് അനുസരിച്ച് സര്‍ക്കാരിന് നിലപാട് പറയാന്‍ കഴിയില്ലെന്നും ആവശ്യമായ ഘട്ടത്തില്‍ സര്‍ക്കാര്‍ വിഷയം വേണ്ടവിധം ചര്‍ച്ച ചെയ്യുമെന്നും ആയിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം.






