ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, രഹസ്യാന്വേഷണ വിഭാഗം മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനും മുന്നോടിയായാണ് കശ്മീരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കശ്മീരില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെ തടവിലാക്കുകയും ചെയ്തിരുന്നു. മെഹബുബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമിയും തടവിലാണ്. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങളും നിയന്ത്രിച്ചിരുന്നു.
അതിനിടെ കശ്മീരിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചുതുടങ്ങി. സ്കൂളുകളും കോളജുകളും ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.






